മാധ്യമങ്ങൾ വ്യാജവാർത്ത മെനയുന്നു
print edition ശിൽപ്പപാളി അറ്റകുറ്റപ്പണി തന്ത്രിയുടെ കത്ത് പരിഗണിച്ച് : പി എസ് പ്രശാന്ത്

തിരുവനന്തപുരം
എസ്‌ഐടി അന്വേഷണം കഴിയുന്നതുവരെയെങ്കിലും വാസ്തവവിരുദ്ധമായ വാർത്ത മെനയുന്നതിൽനിന്ന് മാധ്യമങ്ങൾ പിൻവാങ്ങണമെന്ന് ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും സംഘത്തിനും സ്വർണം അപഹരിക്കാൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലയളവിൽ അവസരം നൽകിയിട്ടില്ല. ബോർഡിന് ഒരു നഷ്ടവും വരുത്തിയിട്ടില്ലെന്നും ആരെയും സഹായിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പിഎസ് പ്രശാന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.
2025ൽ ചെന്നൈയിലേക്ക് ശിൽപ്പപാളികൾ നേരിട്ട് കൊണ്ടുപോകാമെന്ന് പോറ്റി ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരോ ബോർഡോ അനുമതി നൽകിയില്ല. പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകുമ്പോൾ കാണാനും അവസരം നൽകിയില്ല. പത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വീഡിയോ ചിത്രീകരിച്ച് സുരക്ഷിത വാഹനത്തിലാണ് ചെന്നൈയിലെത്തിച്ചത്. അറ്റകുറ്റപ്പണി തീർത്ത് തിരികെ കൊണ്ടുവരുംവരെ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
12 ശിൽപ്പപാളികളിലെ ആകെ തൂക്കം 22.833 കിലോഗ്രാം എന്നും അതിൽ സ്വർണത്തിന്റെ ഭാരം 281.200 ഗ്രാം എന്നും രേഖപ്പെടുത്തി. ശിൽപ്പങ്ങൾ ഒക്ടോബർ 17ന് സ്പെഷ്യൽ കമീഷണറുടെ സാന്നിധ്യത്തിൽ ശബരിമലയിൽ പുനഃസ്ഥാപിച്ചപ്പോഴും മഹസർ തയ്യാറാക്കി. ഇപ്പോൾ ദ്വാരപാലക ശിൽപ്പങ്ങളുടെ ആകെ തൂക്കം 22.876 കിലോ ആയും സ്വർണത്തിന്റെ അളവ് 290.698 ഗ്രാമായും വർധിച്ചു. ശിൽപ്പങ്ങൾ അഴിച്ചെടുക്കുംമുന്പ് സ്പെഷ്യൽ കമീഷണറുടെ അനുമതി വാങ്ങിയില്ല എന്നത് കൃത്യവിലോപമാണ്. അതിന് സെക്രട്ടറി കോടതിയിൽ മാപ്പ് അഭ്യർഥിച്ചു.
ദ്വാരപാലക ശിൽപം, ദിക്പാലകന്മാർ തുടങ്ങിയവ ശ്രീകോവിലിന്റെ ഭാ ഗമല്ലാത്തതുകൊണ്ട് പുനരുദ്ധാരണത്തിന് പുറത്തുകൊണ്ടുപോകാമെന്നും വാതിൽപ്പാളി, കട്ടിള, കമാനം, ലക്ഷ്മിരൂപം എന്നിവ ക്ഷേത്രസങ്കേതത്തിൽത്തന്നെ പുനരുദ്ധരിക്കണം എന്നും ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് തീരുമാനമെടുത്തത്.
ബോർഡ് ഉദ്യോഗസ്ഥരോ മറ്റേതെങ്കിലും അധികാരികളോ പോറ്റിയെക്കുറിച്ചോ സ്മാർട്ട് ക്രിയേഷൻസിനെക്കുറിച്ചോ ഒരു നെഗറ്റീവ് റിപ്പോർട്ടും ബോർഡിന് നൽകിയിരുന്നില്ല. രണ്ടുവർഷത്തെ കാലാവധിയിൽവരുന്ന ബോർഡംഗങ്ങൾക്ക് ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന ബോർഡ് നോട്ട് മുഖവിലയ്ക്കെടുക്കാനേ കഴിയൂ. ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ പോറ്റിയെ ക്ഷണിച്ചിട്ടില്ല. ബോർഡിന് ഇത്തരം ആളുകളുമായി ബന്ധമില്ല എന്നതിന് തെളിവാണിതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.










0 comments