ad
Deshabhimani

കരിമണൽ ഖനനം: മുഖ്യമന്ത്രി കല്ലുവെച്ച നുണകൾ സത്യമെന്ന മട്ടിൽ അവതരിപ്പിക്കുന്നു- പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Jun 30, 2026, 03:23 PM | 2 min read

തിരുവനന്തപുരം: കരിമണൽ ഖനനം സംബന്ധിച്ച് കല്ലുവെച്ച നുണകൾ സത്യമെന്ന മട്ടിൽ ആധികാരികതയോടെ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. മുൻ എൽഡിഎഫ് സർക്കാർ കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണ്. കരിമണൽ ഖനനവുമായി ഈ പ്രക്രിയയ്ക്ക് യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാർത്ഥ്യം. പ്രതിപക്ഷത്തിരിക്കുമ്പോൾ കള്ളം പറഞ്ഞപോലെ മുഖ്യമന്ത്രി കസേരയിലിരുന്ന് സംസാരിക്കുമ്പോൾ ഇത്തരം കള്ളങ്ങൾ പറയാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


കെഎംഎംഎൽ കരിമണലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് ഉപയോഗിച്ചാണ് ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്നത്. ഇൽമനൈറ്റ് വേർതിരിക്കുമ്പോൾ ലഭിക്കുന്ന മോണോസൈറ്റ്, തോറിയം തുടങ്ങിയ ക്രിട്ടിക്കൽ ധാതുക്കൾ ഉപയോഗിക്കാൻ കെഎംഎംഎല്ലിന് അനുമതിയില്ലാത്തതിനാൽ, കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് ഭൂമിയുടെ അടിയിൽ പ്രത്യേകമായി നിർമ്മിച്ച സിമന്റ് അറകളിലാണ് ഇവ സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മോണോസൈറ്റിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പരീക്ഷണ പദ്ധതിക്കാണ് കെഎംഎംഎൽ ടെൻഡർ വിളിച്ചത്. ഖനനത്തിനല്ല, മറിച്ച് വേർതിരിച്ചെടുത്ത വസ്തുക്കളിലെ ഗവേഷണത്തിനായാണ് ടെൻഡർ നൽകിയത്. എൻഎഫ്ടിഡിസി എന്ന സ്ഥാപനത്തിന് ലഭിച്ച ഈ ടെൻഡർ പ്രകാരം, 18 മാസത്തെ പരീക്ഷണം വിജയിച്ചാൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ കെഎംഎംഎല്ലിന് സൗജന്യമായി കൈമാറണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കേന്ദ്ര-കേരള സർക്കാരുകളുടെ അനുമതിയോടെ മാത്രമാണ് ഈ മുന്നൊരുക്കങ്ങൾ നടന്നതെന്നും ഖനനവുമായി ഇതിന് ബന്ധമില്ലെന്നും അന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.


മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ 'ക്രിട്ടിക്കൽ മിനറൽ മിഷനെ' കുറിച്ച് പരാമർശിച്ചപ്പോൾ കെഎംഎംഎൽ, കെൽട്രോൺ, എൻഎഫ്ടിഡിസി എന്നീ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഈ സ്ഥാപനങ്ങളെ മനഃപൂർവ്വം ഒഴിവാക്കി. ഇത് ചോദ്യം ചെയ്യപ്പെടുകയും പൊതുമേഖലാ വിരുദ്ധത പിടിക്കപ്പെടുകയും ചെയ്തപ്പോഴാണ് കെഎംഎംഎല്ലും കെൽട്രോണും ഇതിലുണ്ടെന്ന് മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടി വന്നത്. ബജറ്റിലെ പല പദ്ധതികളും പഴയവ തന്നെയാണെന്നും, എൽഡിഎഫ് സർക്കാരിന്റെ 'കേരള ബ്രാൻഡിനെ' പേര് മാത്രം മാറ്റി 'ബ്രാൻഡിങ് കേരള' എന്നാക്കി പുതിയ പദ്ധതി എന്ന രീതിയിലാണ് യുഡിഎഫ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.


വ്യവസായ നിക്ഷേപങ്ങൾക്കുള്ള തടസം നീക്കാൻ വകുപ്പുകളുടെ ഏകോപനത്തിനായി 'ഇൻവെസ്റ്റ് പ്രൊമോഷൻ ബ്യൂറോ' രൂപീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെയും പി രാജീവ് വിമർശിച്ചു. മുൻ സർക്കാർ ഇതേ ആവശ്യത്തിനായി നിയമസഭയിൽ കൃത്യമായ നിയമം പാസാക്കിയിട്ടുള്ളതാണ്. മുഖ്യമന്ത്രി ചെയർമാനും വ്യവസായ മന്ത്രി കോ-ചെയർമാനും റവന്യൂ, ധന, തൊഴിൽ മന്ത്രിമാർ വൈസ് ചെയർമാൻമാരുമായി ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള കമ്മിറ്റിയായിരുന്നു അതിലുണ്ടായിരുന്നത്. ഈ നിയമം നിലനിൽക്കെയാണ് പുതിയ പദ്ധതി എന്ന രീതിയിൽ മുഖ്യമന്ത്രി ഇത് അവതരിപ്പിക്കുന്നത്. നിലവിലെ മാറ്റം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ കോ-ചെയർമാൻ സ്ഥാനത്ത് നിന്ന് വൈസ് ചെയർമാനാക്കി മാറ്റുകയും മറ്റ് മന്ത്രിമാരെ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു എന്നത് മാത്രമാണ്. നിയമങ്ങൾ പോലും നോക്കാതെ ഇത്തരം കള്ളങ്ങൾ ജനങ്ങളോട് പറയുന്നത് അധികകാലം കേരളത്തിൽ വിലപ്പോവില്ലെന്നും പി രാജീവ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home