വൻനിക്ഷേപങ്ങളെ ഓടിച്ചവർ സമൂഹത്തോട് മാപ്പുപറയണം
print edition 42,000 കോടി നിക്ഷേപം; 50,000 തൊഴിൽ ; റെയർ എർത്ത് കോറിഡോർ പുതിയ ഉൗർജമേകും : പി രാജീവ്

തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ കേരളത്തിന്റെ വ്യവസായ കുതിപ്പിന് പുതിയ ഉൗർജം പകരും. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെഎംഎംഎല്ലിനോട് ചേർന്ന് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. ചൈനയുടെ കുത്തകയായ ആഗോള പെർമനന്റ് മാഗ്‌നറ്റ് വിപണിയിൽ ഇന്ത്യയുടെ കരുത്തായി മാറാൻ റെയർ എർത്ത് കോറിഡോറിന് കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക ഭൂപടംതന്നെ കോറിഡോർ മാറ്റിവരയ്‌ക്കും. കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശത്തെ ധാതുമണലിലെ മോണോസൈറ്റിനെ ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. കെഎംഎംഎൽ ശേഖരിച്ച ഒന്നേകാൽ ലക്ഷം ടണ്ണോളം മോണോസൈറ്റിൽനിന്ന് നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കും. ഇതിൽനിന്ന് ഇലക്‌ട്രിക് വാഹനങ്ങൾക്കും കാറ്റാടിയന്ത്രങ്ങൾക്കും ആവശ്യമായ അതിശക്തമായ കാന്തങ്ങൾ നിർമിക്കാനാകും.
ക്ലീൻ എനർജി, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ നിർണായകമായ ഈ ലോഹങ്ങൾക്കായി ലോകം പ്രധാനമായും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ എൻഎഫ്ടിഡിസിയുടെ സാങ്കേതിക സഹായത്തോടെ കെഎംഎംഎല്ലും കെൽട്രോണും ചേർന്ന് റെയർ എർത്ത് ക്രിട്ടിക്കൽ മിഷൻ രൂപീകരിക്കുന്നത്. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖംകൂടി യാഥാർഥ്യമായതോടെ ഉൽപ്പന്നങ്ങൾ അനായാസം ആഗോള വിപണിയിലെത്തിക്കാം.
വ്യവസായ മേഖലയെ വലിയ കുതിച്ചുചാട്ടത്തിലേക്ക് നയിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കെപിപിഎല്ലിന്റെ അടുത്ത ഫേസിന് 740 കോടി അനുവദിച്ചത് അടുത്ത കാലത്തെ ഏറ്റവും വലിയ നിക്ഷേപമാണ്. വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോഗിക്കാൻ 1000 കോടി രൂപയാണ് മാറ്റിവയ്‌ക്കുന്നത്– മന്ത്രി പറഞ്ഞു.
വൻനിക്ഷേപങ്ങളെ ഓടിച്ചവർ സമൂഹത്തോട് മാപ്പുപറയണം
സ്‌പ്രിംഗ്ലർ അടക്കം നാട്ടിൽ വരേണ്ടിയിരുന്ന വലിയ നിക്ഷേപങ്ങളെ വിവാദമുണ്ടാക്കി നാട്ടിൽനിന്ന് ഓടിച്ചവർ കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ തുടങ്ങേണ്ടിയിരുന്ന സ്‌പ്രിംഗ്ലർ ഗുർഗാമിലാണ് അവരുടെ കാമ്പസ് തുടങ്ങിയത്.
അങ്ങേയറ്റം വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ ആധികാരികമെന്ന മട്ടിലാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. തലേദിവസം പറഞ്ഞതിന് ഘടകവിരുദ്ധമായി പറഞ്ഞ്, അതാണ് ശരിയെന്നു പറയുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈദഗ്‌ധ്യമുണ്ട്. എഐ കാമറ കേസ് തള്ളിയപ്പോൾ അദ്ദേഹം പറഞ്ഞത്, പൊതുതാൽപ്പര്യ ഹർജികൾ അംഗീകരിക്കുന്നതല്ല കോടതികളുടെ പൊതുതാൽപ്പര്യമെന്നാണ്. യഥാർഥത്തിൽ അദ്ദേഹം കൊണ്ടുവന്ന കാര്യത്തിൽ ഒരു തെളിവും സമർപ്പിക്കാൻ കഴിയാതെ പരാജയപ്പെടുകയായിരുന്നു. കേസിൽ ശക്തമായ വിമർശമാണ് കോടതിയിൽനിന്നുണ്ടായത്.
കെ ഫോൺ കേസ് വന്നപ്പോൾ, പ്രതിപക്ഷ നേതാവിനോട് പബ്ലിക് ഇന്ററസ്‌റ്റാണോ, പബ്ലിസിറ്റി ഇന്ററസ്‌റ്റാണോ എന്നാണ് കോടതി ചോദിച്ചത്. രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവിനോടും കോടതിയും ഇങ്ങനെ പറഞ്ഞിട്ടില്ല. എന്നാൽ, മാധ്യമങ്ങളുടെ പ്രത്യേക പരിലാളന പ്രതിപക്ഷത്തിന് ലഭിക്കുന്നു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദേശിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല ഇ ശ്രീധരനെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചിട്ടില്ല. കെ റെയിലിന് കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. അപ്പോഴാണ് കേന്ദ്ര മന്ത്രിതന്നെ ആർആർടിഎസ് ആണെങ്കിൽ പരിഗണിക്കാമെന്നു പറഞ്ഞത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ അതിലേക്ക് എത്തിയതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.









0 comments