താൽപ്പര്യപത്രം പൂർണമായി നടപ്പാക്കാൻ സംവിധാനം
print edition കേരളം മെഡ്ടെക്–ലൈഫ് സയൻസ് കേന്ദ്രമായി മാറും : മന്ത്രി പി രാജീവ്

കൊച്ചി
മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്‌സ്, ലൈഫ് സയൻസ് ഉൽപ്പന്ന നിർമാണ മേഖലകളിൽ കേരളത്തെ അതിവേഗം ദക്ഷിണേന്ത്യയില്‍ മുൻനിരയിലെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇൻവിട്രോ ഡയഗ്നോസ്റ്റിക്സ് (ഐവിഡി), മെഡിക്കൽ ടെക്നോളജി മേഖലകളിൽ നിക്ഷേപസൗകര്യമൊരുക്കാന്‍ സംസ്ഥാന വ്യവസായവകുപ്പ് അഗാപ്പെ ഡയഗ്നോസ്റ്റിക്‌സുമായി ചേര്‍ന്ന് നെടുമ്പാശേരി താജ് എയർപോർട്ട് ഇന്റർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതു ആരോഗ്യസംവിധാനം, വിദ്യാഭ്യാസം, മാനവവികസനം തുടങ്ങിയ സൂചികകൾ ശക്തമായാണ് കേരളത്തിന്റെ വളർച്ച രൂപപ്പെട്ടത്. ഇത് സ്വാഭാവികമായി ബയോടെക്നോളജി, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ ഭാവി സമ്പദ്‌വ്യവസ്ഥയുടെ തൂണുകളാണെന്നും ഉയർന്ന മനുഷ്യവിഭവശേഷി, നയസ്ഥിരത, നൈതികവും സുതാര്യവുമായ ഭരണസംവിധാനം എന്നിവയാണ് നിക്ഷേപരംഗത്ത് കേരളത്തിന്റെ ശക്തമായ ഘടകങ്ങളെന്നും മന്ത്രി പറഞ്ഞു.
ജപ്പാൻ, അമേരിക്ക, ചൈന തുടങ്ങിയ വിവിധ രാജ്യങ്ങളിലെ മെഡ്ടെക്, ഡയഗ്നോസ്റ്റിക്‌സ് കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപ ഉപദേശകർ, ഇന്ത്യൻ നിർമാതാക്കൾ, ആരോഗ്യ സേവനദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്‌ധർ എന്നിവർ സമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് എഐ, ബ്ലോക്ക്ചെയിൻ അധിഷ്ഠിത വികസനകേന്ദ്രം സ്ഥാപിക്കാന്‍ കെഎസ്ഐഡിസി- ക്ലൗഡ് അധിഷ്ഠിത എച്ച്ആർ ടെക്‌നോളജി സ്ഥാപനമായ സിനെർജിസുമായി ധാരണപത്രം ഒപ്പിട്ടു. അഗാപ്പെയുടെ 30–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിങ് ഡയറക്ടർ തോമസ് ജോൺ, ചെയർമാൻ ജോസഫ് ജോൺ എന്നിവർ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു.
താൽപ്പര്യപത്രം പൂർണമായി നടപ്പാക്കാൻ സംവിധാനം
ദാവോസിൽ ഒപ്പിട്ട താൽപ്പര്യപത്രങ്ങൾ പൂർണമായി നടപ്പാക്കാൻ കേരളത്തിൽ സംവിധാനം ഏർപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വന്ന കന്പനികൾ ഏതൊക്കെ, ഏതെല്ലാം രൂപത്തിൽ മുന്നോട്ടുപോകാനാകും എന്നെല്ലാം വിശദമായി പരിശോധിക്കും.
ആഗോള നിക്ഷേപക ഉച്ചകോടിയുടെ മന്ത്രിതല പരിശോധന എല്ലാ ബുധനാഴ്‌ചയും മന്ത്രിസഭയ്‌ക്കുശേഷം നടക്കുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി തുടർനടപടി എടുക്കുന്നുമുണ്ട്. ഇതേ രീതി പ്രത്യേക ഡാഷ് ബോർഡോടെ ദാവോസിൽ ഒപ്പിട്ട താൽപ്പര്യപത്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കും. തുടർപ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
ആവേശകരമായ പ്രതികരണമാണ് കേരളത്തിന് ദാവോസിലെ സാന്പത്തിക ഫോറത്തിൽ ലഭിച്ചത്. യൂറോപ്യൻ കന്പനികൾ ഉൾപ്പെടെ നല്ല താൽപ്പര്യം പ്രകടിപ്പിച്ചു. അതിൽ പ്രധാനമാണ് കാനിസ് ഇന്റർനാഷണലിന്റേത്. 2500 കോടിയുടെ നിക്ഷേപ താൽപ്പര്യപത്രമാണ് അവരുമായി ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ ദാവോസ് സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ഇത്തവണ അത് താൽപ്പര്യപത്രങ്ങളായി പരിവർത്തനപ്പെടുത്താനായെന്നും മന്ത്രി പറഞ്ഞു.










0 comments