print edition ദീർഘകാലത്തെ ആഗ്രഹസാക്ഷാൽക്കാരം: പി രാജീവ്

കൊച്ചി
ദീർഘകാലത്തെ ആഗ്രഹസാക്ഷാൽക്കാരമാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനമെന്ന് വ്യവസായമന്ത്രി പി രാജീവ്.
കിഫ്‌ബിയിലൂടെയാണ് കെട്ടിടം പുർത്തിയായതും സംവിധാനങ്ങൾ ഒരുങ്ങിയതും. ജസ്‌റ്റിസ് വി ആർ കൃഷ്‌ണയ്യർ, പ്രൊഫ. എം കെ സാനു, ഡോ. സനൽകുമാർ, കെ ആർ വിശ്വംഭരൻ, ഡോ. സി കെ രാമചന്ദ്രൻ തുടങ്ങിയവർ നടത്തിയ ശ്രമങ്ങളും പിന്നിലുണ്ട്.
എല്ലാവരും ചേർന്ന് ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഫലമായി 2014 ആഗസ്‌ത് 19ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ കല്ലിട്ടു. ആളുകളിൽനിന്ന് പണം കടമായി സ്വരൂപിച്ച് ആശുപത്രി പണിയാനും ലാഭകരമാകുമ്പോൾ പലിശസഹിതം തിരിച്ചുനൽകാനുമുള്ള പദ്ധതി പ്രായോഗികമല്ലെന്ന് ജസ്‌റ്റിസ് കൃഷ്ണയ്യർ പറഞ്ഞു. ആശുപത്രി ലാഭകരമാകാൻ പാവങ്ങളും ഉയർന്ന ഫീസ് നൽകേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ് നിർമാണം ആരംഭിച്ചത്. ആർസിസി, എംസിസി എന്നിവയിൽനിന്ന് വ്യത്യസ്‌തമായി സിസിആർസിയിൽ ഗവേഷണംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാൻസർ ഗവേഷണത്തിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബുമായി 50 കോടിയുടെ ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്. അടുത്തഘട്ടമായി വീണ്ടും 50 കോടികൂടി ഉൾപ്പെടുത്തും. ധനപ്രതിസന്ധിയിലും സർക്കാർ സിസിആർസിക്ക് 190 പുതിയ തസ്‌തികകൾ അനുവദിച്ചുവെന്നും പി രാജീവ് പറഞ്ഞു.










0 comments