പിഎം ഉഷ: നയങ്ങളോ പാഠ്യപദ്ധതിയോ മാറ്റാതെ കേരളം

തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലങ്ങളിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖല നിരന്തരം മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വിധേയമാകാറുണ്ട്. അതേസമയം മതനിരപേക്ഷ അടിത്തറയും ശാസ്ത്രീയ കാഴ്ചപ്പാടും കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കേന്ദ്ര പദ്ധതിയായ പിഎം ഉഷയിൽ പങ്കുചേർന്നിരുന്നു. കേന്ദ്രത്തിൻ്റെ വർഗീയ പിന്തിരിപ്പൻ, വാണിജ്യവൽക്കരണ നിലപാടുകളോട് 'നോ' പറഞ്ഞായിരുന്നു ആ കരാറിൽ കേരളം ഒപ്പിട്ടത്. പിഎം ഉഷയിൽ ഒപ്പിട്ടതിന്റെ പേരിൽ നയങ്ങളോ പാഠ്യപദ്ധതിയോ മാറ്റാൻ കേരളം തയാറായില്ല. യുജിസി പുറത്തിറക്കിയ ഡ്രാഫ്റ്റ് റെഗുലേഷൻ, എൽഒസിഎഫ് എന്നിവ സംസ്ഥാനത്തു നടപ്പിലാക്കില്ലെന്നും പൂർണമായി തള്ളിക്കളയുമെന്നും രേഖാമൂലം കേന്ദ്ര സർക്കാരിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കരാറിൽ ഒപ്പിട്ടതിന് ശേഷം കേരളം ഉന്നത വിദ്യഭ്യാസ മേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുകയല്ല ചെയ്തത്. പകരം എൻഇപി നിലവിൽ വന്ന സാഹചര്യത്തിൽ കേരളത്തിന് അനുയോജ്യമായ പരിഷ്കരണങ്ങൾ നിർദ്ദേശിക്കാൻ സ്വന്തമായി മൂന്ന് കമീഷനുകൾ വച്ചു. അവയുടെ നിർദേശങ്ങൾ സമഗ്രമായ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കി. നിലവിൽ കേരളം സ്വന്തം ഉന്നത വിദ്യാഭ്യാസ പരിഷ്കരണ ചട്ടക്കൂട് രൂപീകരിക്കുകയും സ്വന്തം കരിക്കുലം ചട്ടക്കൂടുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട് . അക്കാദമിക് സ്വയംഭരണം, പ്രാദേശിക പ്രസക്തി, സാമൂഹിക നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ചട്ടക്കൂടുകൾ രൂപീകരിച്ചിട്ടുള്ളത് .
എൻഇപി നിർദേശിച്ച മിക്കവാറും പരിഷ്കാരങ്ങൾക്കു സംസ്ഥാനതലത്തിൽ ഉള്ള ബദൽ മാതൃകകൾ ആണ് നടപ്പിലാക്കിയിട്ടുള്ളത്. കേന്ദ്രം നിർദേശിച്ച സമർത് സോഫ്റ്റ്‌വെയർ പകരമായി കെ റീപ് സോഫ്റ്റ്‌വെയർ, കെ - ലേൺ, അന്താരാഷട്ര തുല്യത ഉറപ്പാക്കുന്ന നാല് വർഷത്തെ ബിരുദം എന്നിവ സംസ്ഥാനം സ്വന്തം നിലക്ക് വികസിപ്പിച്ചു നടപ്പിലാക്കി. ക്രെഡിറ്റ് കൈമാറ്റത്തിനും അംഗീകാരത്തിനും സംസ്ഥാനതലത്തിലുള്ള സംവിധാനം നടപ്പിൽ വരുത്തി. അക്കാദമിക് സമഗ്രത സംരക്ഷിക്കുന്നതിനായി ആർട്‌സ് ആൻഡ് സയൻസ് പ്രോഗ്രാമുകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ എക്സിറ്റുകൾ കേരളത്തിൽ നടപ്പാക്കിയിട്ടില്ല.
യുജിസി നിർദ്ദേശിച്ച ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) കോഴ്‌സ് സംസ്ഥാനം നിരസിച്ചു. പ്രാദേശിക അറിവ്, സംസ്കാരം, ശാസ്ത്ര പാരമ്പര്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന സ്വന്തം കേരള നോളജ് സിസ്റ്റംസ് (കെകെഎസ്) ചട്ടക്കൂട് വികസിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ എല്ലാ ബദൽ മാർഗങ്ങളും നടപ്പിലാക്കിയ ശേഷമാണ് സംസ്ഥാനം പിഎം ഉഷ പദ്ധതിയിൽ ചേർന്നിട്ടുളളത്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേരളം പാഠ്യപദ്ധതിയുടെ വർഗീയവൽക്കരണത്തിന് വാതിൽ തുറന്നുകൊടുത്തു എന്നാണ് ചിലർ പറയുന്നത്. എന്നാൽ കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സർക്കാരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2022 ഒക്ടോബർ മുതൽ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എൻഇപി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2023 വരെ ആ ഫണ്ട് വാങ്ങുമ്പോഴും കേരളം നമ്മുടെ സംസ്ഥാന താല്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. അതേ നയം മാത്രമാണ് ഇപ്പോഴും തുടരുന്നത്.
പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, നൂറ് ശതമാനം എൻറോൾമെന്റ്, ത്രിഭാഷാ പദ്ധതി ഉൾപ്പെടെ എൻഇപി 2020ൽ പറയുന്ന പല കാര്യങ്ങളും കേരളം പതിറ്റാണ്ടുകൾക്ക് മുൻപേ നടപ്പിലാക്കിയതാണ്. ഇക്കാര്യത്തിൽ കേരളം എൻഇപിയെക്കാൾ ബഹുദൂരം മുന്നിലാണ്. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനമാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേരളം സ്വീകരിച്ചത്.











0 comments