സഖാവിനെ അനുസ്‌മരിച്ചു

ധീരസ്മരണയിൽ... മുഹമ്മ കണ്ണർകാട്ടെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, സി എസ് സുജാത, മന്ത്രി പി പ്രസാദ്, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പ്രസാദ്, പി പി ചിത്തരഞ്ജൻ, കെ ആർ ഭാഗീരഥൻ, എ എം ആരിഫ്, വി ജി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
ആലപ്പുഴ
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന്റെ ചാലകശക്‌തിയായി ജ്വലിച്ച പി കൃഷ്‌ണപിള്ളയുടെ അമരസ്‌മരണയിൽ നാട്. തൊഴിലാളിയായും ഹിന്ദി പ്രചാരകനായും സ്വാതന്ത്ര്യസമരസേനാനിയായും കമ്യൂണിസ്‌റ്റ് പാർടിയുടെ കേരള ഘടകം സെക്രട്ടറിയായുമൊക്കെ സഖാക്കളുടെ സഖാവ് നടത്തിയ പോരാട്ടങ്ങളുടെ നാൾവഴികൾ ഒരോന്നും ജനമനസുകളിൽ നിറഞ്ഞു. ഇരു കമ്യൂണിസ്‌റ്റ് പാർടികളുടെയും ആഭിമുഖ്യത്തിലാണ് സഖാവിന്റെ 77–ാം ചരമവാർഷികദിനം ആചരിച്ചത്.
പി കൃഷ്‌ണപിള്ള അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയചുടുകാടും അവസാനനാളുകളിൽ കഴിഞ്ഞ കണ്ണർകാട് ചെല്ലിക്കണ്ടത്തും നൂറുകണക്കിനാളുകൾ വീരസ്‌മരണ പുതുക്കി. വലിയ ചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിലും ചെല്ലിക്കണ്ടത്തെ സ്‌മാരകത്തിലും പുഷ്‌പാർച്ചന നടത്തി. രണ്ടിടത്തും അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ഉദ്‌ഘാടനംചെയ്‌തു.
വലിയ ചുടുകാട്ടിൽ പ്രകടനമായെത്തി പാർടി പ്രവർത്തകർ പുഷ-്പാർച്ചന നടത്തി. സിപിഐ എം കേന്ദ്രകമ്മറ്റിയംഗങ്ങളായ എളമരം കരീം, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി എസ് സോളമൻ തുടങ്ങിയവർ രക്തസാക്ഷിമണ്ഡപങ്ങളിൽ പുഷ-്പചക്രം അർപ്പിച്ചു.
വലിയചുടുകാട്ടിൽ ചേർന്ന അനുസ-്മരണ സമ്മേളനത്തിൽ ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. എസ് സോളമൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു.
കണ്ണർകാട് ചെല്ലിക്കണ്ടത്തെ പി കൃഷ്‌ണപിള്ള സ്‌മാരകത്തിൽ രാവിലെ ഒമ്പതിന് പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
പി കൃഷ്‌ണപിള്ളയുടെ ജന്മനാടായ വൈക്കത്തും അനുസ്‌മരണപരിപാടികൾ നടന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത അനുസ്‌മരണയോഗം ഉദ്‌ഘാടനംചെയ്‌തു. ഏരിയാസെക്രട്ടറി പി ശശിധരൻ അധ്യക്ഷനായി. നൂറുകണക്കിനാളുകൾ പങ്കെടുത്ത അനുസ്‌മരണറാലിയും പുഷ്‌പാർച്ചനയും നടന്നു.











0 comments