'നുണ പരമ്പരയിലെ ഒടുവിലത്തെ നിർമിതി'; വ്യാജ വാർത്തക്കെതിരെ പി ജയരാജൻ

പി ജയരാജൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഐഎം, പി ജയരാജന് സംസ്ഥാനതല ചുമതലയെന്ന വാർത്ത വ്യാജമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. നുണ പരമ്പരയിലെ ഒടുവിലത്തെ നിർമിതിയാണ് ഈ വാർത്തയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാർടിയാണ് സിപിഐ എം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർഥത്തിൽ മനസിലാക്കാനും പ്രതികരിക്കാനും സിപിഐ എം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാർടിക്ക് ധാരണയുണ്ട്. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയ ശക്തികൾ ആസൂത്രിതമായി നടത്തുന്നത്.
അത്തരം ഇടപെടലാണ് നുണ നിർമാതാക്കളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതരാകുന്നത്. വിശ്വാസികളാണ് ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് നടത്തുന്നത്.
അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയിൽ രാമന്റെ പേരിൽ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആർഎസ്എസിന്റെത്. ആ സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ പടച്ചുവിടുന്നതെന്ന് പി ജയരാജൻ പറഞ്ഞു. ഈ വാർത്തകളിൽ വന്നതുപോലുള്ള തീരുമാനം സിപിഐ എം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments