'കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങൾ' ; മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ് (Photo: Facebook)
തിരുവനന്തപുരം: സിപിഐ എം ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചുവെന്ന് എംഎൽഎ പി എ മുഹമ്മദ് റിയാസ്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരി വച്ചിരിക്കുകയാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ യഥാർത്ഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നു. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങളെന്നും റിയാസ് തന്റെ നിലപാട് വ്യക്തമാക്കി.
ഞങ്ങൾ ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ക്രിയാത്മക പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിർവ്വഹിക്കപ്പെട്ടിരിക്കുകയാണ്. വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സർക്കാർ എന്ന നിലയിൽ അതിപ്പോൾ ഉന്നയിക്കുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.










0 comments