print edition അവയവ വിൽപ്പന റാക്കറ്റ്: ഇടനിലക്കാരൻ അറസ്‌റ്റിൽ

അറസ്റ്റിലായ ഡെബിൻ ജോസഫ്
കൊച്ചി: വ്യാജരേഖ ചമച്ച് അവയവ വിൽപ്പന നടത്തിയ കേസിൽ പ്രധാന ഇടനിലക്കാരിൽ ഒരാൾ അറസ്‌റ്റിൽ. മറയൂർ പട്ടിക്കാട് അറയ്‌ക്കൽ വീട്ടിൽ ഡെബിൻ ജോസഫിനെ (38) യാണ് അന്വേഷകസംഘം അറസ്‌റ്റ് ചെയ്‌തത്. വ്യാഴം പുലർച്ചെ ആലപ്പുഴ പുന്നമടയിലെ ഒരു സ്‌പായിൽനിന്നാണ് ഇയാളെ അന്വേഷകസംഘം പിടികൂടിയത്. സ്‌പാ നടത്തിപ്പിൽ ഇയാൾക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. മുഖ്യപ്രതി മുഹമ്മദ് നജീബിൽനിന്ന് ലഭിച്ച രേഖകളിൽനിന്നാണ് അന്വേഷകസംഘം ഇയാളിലേയ്‌ക്ക് എത്തിയത്.
ഇയാൾ ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് അവയവ വിൽപ്പന ഏജന്റായി പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. അതേസമയം, പൊലീസ് കസ്‌റ്റഡിയിൽ വിട്ട പ്രതികളായ മുഹമ്മദ് നജീബിനെയും ഭാര്യ റഷീദയെയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. ഇരുവരെയും എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇവരുടെ സംഘത്തിൽ കൂടുതൽ ഏജന്റുമാർ ഉണ്ടെന്നാണ് അന്വേഷകസംഘം സംശയിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് മുഹമ്മദ് നജീബിനെ കസ്‌റ്റഡിയിൽ ലഭിച്ചത്. ഡെവിൻ ജോസഫിനെ മുഹമ്മദ് നജീബിനും റഷീദയ്‌ക്കും ഒപ്പമിരുത്തി ചോദ്യം ചെയ്‌തേക്കും.
ആലപ്പുഴ ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റാക്കറ്റിലെ ഏജന്റുമാർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ ജില്ലാതല ഓതറൈസേഷൻ സമിതിയിൽനിന്ന് ശേഖരിച്ച, അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവരങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു. ആശുപത്രി പരിസരങ്ങളിൽ ഏജന്റുമാരെ നിയോഗിച്ച് വൃക്ക ആവശ്യമുള്ളവരെ കണ്ടെത്തുകയായിരുന്നു റാക്കറ്റിന്റെ രീതിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വിവിധ ജില്ലകളിൽ അവയവം നൽകിയവരുടെയും സ്വീകരിച്ചവരുടെയും മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.









0 comments