print edition അവയവ വിൽപ്പന റാക്കറ്റ്: മുഹമ്മദ് നജീബും ഭാര്യയും 5 ദിവസം കസ്‌റ്റഡിയിൽ; ഏജന്റുമാർക്കായി തിരച്ചിൽ

കൊച്ചി : വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതി മുഹമ്മദ് നജീബിനെയും ഭാര്യ റഷീദയേയും കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. ഇരുവരും എറണാകുളം റൂറൽ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്‌തുതുടങ്ങി. ആലപ്പുഴ ജില്ലയിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റാക്കറ്റിലെ ഏജന്റുമാർക്കായി പൊലീസ് തിരച്ചിൽ നടത്തി. ഏജന്റുമാരുടെ വീടുകൾ, ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. എറണാകുളം ജില്ലയിലെ ജില്ലാതല ഓതറൈസേഷൻ സമിതിയിൽ നിന്നും അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.
അഞ്ച് ദിവസത്തേക്കാണ് മുഹമ്മദ് നജീബിനെ കസ്‌റ്റഡിയിൽ ലഭിച്ചത്. ആശുപത്രി പരിസരങ്ങളിൽ ഏജന്റുമാരെ നിയോഗിച്ചിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വൃക്ക ആവശ്യമുള്ളവരെ ഏജന്റുമാർ കണ്ടെത്തും. ഇതിന് പുറമേ, നേരത്തെ റാക്കറ്റ് മുഖേന വൃക്ക വാങ്ങിയവർ വഴിയും ഏജന്റുമാരെ സമീപിക്കുന്നവരുണ്ട്. നിശ്ചിത തുക നൽകിയാൽ വൃക്ക നൽകാമെന്നും ഇതിനായി രേഖകളടക്കം ശരിയാക്കി നൽകുമെന്നും ഏജന്റ് ഉറപ്പ് നൽകും. തുക നൽകാൻ തയ്യാറുള്ളവരിൽ നിന്നും മുൻകൂർ തുകയും ചികിത്സ രേഖകളുമടക്കം വാങ്ങും. തുടർന്ന് സ്‌റ്റുഡിയോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലെത്തി വ്യാജരേഖ ചമയ്‌ക്കും. അതിനകം വൃക്കദാതാക്കളെയും സംഘടിപ്പിച്ചിരിക്കും. പറഞ്ഞുറപ്പിച്ച മുഴുവൻ തുക വാങ്ങിയ ശേഷമായിരിക്കും ശസ്‌ത്രക്രിയയെന്നും മുഹമ്മദ് നജീബ് പറഞ്ഞു. തുക വാങ്ങി കബളിപ്പിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട്, വയനാട്, ഇടുക്കി, കൊല്ലം ഉൾപ്പെടെ ഭൂരിഭാഗം ജില്ലകളിലും അവയവം നൽകിയവരും സ്വീകരിച്ചവരുമുണ്ട്. ഇവരുടെ മൊഴിയെടുക്കുകയാണ്. ചികിത്സ തുടരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ ആരോഗ്യാവസ്ഥകൂടി പരിഗണിച്ചാകും ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും കൈമാറിയിട്ടുണ്ട്. അവിടെ നിന്നുള്ള പ്രതികരണങ്ങളുടെയും മുഹമ്മദ് നജീബിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അവിടങ്ങളിൽ നേരിട്ടെത്തി അന്വേഷിക്കാനാണ് തീരുമാനം. രാജ്യാന്തര ബന്ധം, മനുഷ്യക്കടത്ത് സാധ്യത എന്നിവയിലും പരിശോധന പുരോഗമിക്കുകയാണ്.










0 comments