print edition അവയവവിൽപ്പന റാക്കറ്റ്: അന്വേഷക സംഘം ഇതരസംസ്ഥാനങ്ങളിലേക്ക്

കൊച്ചി: വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ അന്വേഷകസംഘം ഇതരസംസ്ഥാനങ്ങളിലേക്ക്. അവയവവിൽപ്പന റാക്കറ്റിലെ കേരളത്തിലെ മുഖ്യആസൂത്രകനായ മുഹമ്മദ് നജീബ് ഡൽഹി, കർണാടകം, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിന്റെ വിവരങ്ങൾ ലഭിച്ച പശ്‌ചാത്തലത്തിലാണിത്. ഇവിടെയുള്ള സംഘാംഗങ്ങളുടെ വിവരങ്ങളും ലഭിച്ചു. മുഹമ്മദ് നജീബിന്റെ വിദേശയാത്രകളും വിദേശ ബന്ധവും പൊലീസ് പരിശോധിക്കുകയാണ്.
ഏഴു ദിവസത്തേക്ക് ഇയാളുടെ കസ്‌റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകി.മുഹമ്മദ് നജീബിന്റെ മൊബൈൽ ഫോൺ, വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ എന്നിവ പരിശോധിച്ച് ഇതരസംസ്ഥാനങ്ങളിലും റാക്കറ്റ് സജീവമായി പ്രവർത്തിച്ചതായി കണ്ടെത്തി. ഭൂരിഭാഗം ശസ്‌ത്രക്രിയകളും നടത്തിയിരിക്കുന്നത് കേരളത്തിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എറണാകുളം റൂറൽ പൊലീസ് മേധാവി കെ എസ് സുദർശൻ പറഞ്ഞു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് അവയവദാതാക്കൾ.
മെഡിക്കൽ ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനം ആളുകളെ കബളിപ്പിക്കാനായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ ദാതാക്കളെല്ലാം നൽകിയിരിക്കുന്നത് അവരുടെ വൃക്കയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, അവയവദാനവുമായി ബന്ധപ്പെട്ടുളള തട്ടിപ്പ് തടയാനുള്ള മുൻകരുതലും ശുപാർശകളും അടങ്ങിയ റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷ(ഡിഎംഇ)ന് നൽകുമെന്നും സുദർശൻ പറഞ്ഞു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തും മുഹമ്മദ് നജീബ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. ഇയാളുടെ ചില ബന്ധുക്കൾ വിദേശത്തുണ്ട്. ഇവരെ ഓൺലൈൻ വഴി ചോദ്യം ചെയ്യും.
കോടതി ഉത്തരവ് ഉൾപ്പെടെ വ്യാജമായി നിർമിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളുടെ ചികിത്സ രേഖകൾ, ബന്ധുത്വം, വരുമാനം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പിടിച്ചെടുത്തവയിലുണ്ട്. ഇവയുടെ പരിശോധനയും ഉൗർജിതമാക്കി. ഇതുവരെ റാക്കറ്റ് വഴി വൃക്കദാനം ചെയ്‌ത 30ലേറെ പേരുടെ വിവരങ്ങൾ ലഭിച്ചു. ഇവരുടെ മൊഴിയെടുപ്പും പുരോഗമിക്കുന്നു. അവയവവിൽപ്പനകളേറെയും നടന്നിരിക്കുന്നത് 2023–26 കാലയളവിലാണ്.









0 comments