വ്യാജരേഖ ചമച്ച് അവയവ വിൽപ്പന: ഒരാൾ കൂടി അറസ്റ്റിൽ, മുഖ്യപ്രതിക്കായി ലുക്ക്‌ഒൗട്ട് നോട്ടീസ്

എഐ സഹായത്തോടെ നിർമിച്ച പ്രതീകാത്മകചിത്രം
കൊച്ചി : വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ(37)യാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത റഷീദയുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് നജീബിനെ(37) പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നജീബിന്റെ ഭാര്യയാണ് റഷീദ. കേരളത്തിലുടനീളം രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ നജീബ് മുഖ്യ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ് റഷീദ. സംഭവത്തിൽ കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ്, ശ്രീജ, സുധീർ എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. ശ്രീജയെയും സുധീറിനെയും കൊല്ലം കിളികൊല്ലൂർ പൊലീസും മറ്റുള്ളവരെ എറണാകുളം റൂറൽ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖകളും അനുമതിപത്രങ്ങളും നിർമിച്ച് മൂന്നുവർഷത്തോളമായി ഇവർ സംസ്ഥാനവ്യാപകമായി അവയവവിൽപ്പന നടത്തിവരികയായിരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലായിരുന്നു അവയവ വിൽപ്പനയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവയവങ്ങൾ നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തൽ, അവയവദാനത്തിന് ആവശ്യമായ സമ്മതപത്രങ്ങൾ, സത്യവാങ്‌മൂലം, സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ വ്യാജമായി നിർമിക്കുന്നതാണ് ഇവരുടെ മുഖ്യചുമതല. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഡോക്ടർമാർ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ ലെറ്റർപാഡുകൾ, മറ്റ് രേഖകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജരേഖകൾ, പ്രധാന ആശുപത്രികളുടെ പേരിലുള്ള ലെറ്റർപാഡുകൾ എന്നിവ പ്രതികൾ വ്യാജമായി നിർമിച്ചതായി പൊലീസ് പറഞ്ഞു. റെയ്‌ഡിൽ ഇവ പിടിച്ചെടുത്തിരുന്നു.
എറണാകുളം, കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് 2023 ആഗസ്ത് മുതൽ സംഘം സജീവമാണെന്നും കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളുടെ വ്യാജ ലെറ്റർഹെഡുകളുണ്ടാക്കി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും എംഎൽഎ, എംപി എന്നിവരുടെ പേരിൽ വ്യാജ ലെറ്റർപാഡുകളും നൽകിയതായും പൊലീസ് പറഞ്ഞു. ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയ്യാറാക്കി, രോഗികളുടെ പേരും വിലാസവും വൃക്കദാതാവിന്റെ പേരും വിലാസവും രേഖപ്പെടുത്തി പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനായി വ്യാജ കത്തുകളും തയാറാക്കി.
കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ ‘പള്ളിക്കര കമ്യൂണിക്കേഷനി’ൽ നടത്തിയ പരിശോധനയിൽ എംഎൽഎ, എംപി എന്നിവരുടെ വ്യാജ ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജരേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളുടെ പേരിലുള്ള വ്യാജ ലെറ്റർപാഡുകൾ എന്നിവ കണ്ടെത്തിയത്. ചിത്രപ്പുഴ പോഞ്ഞാശേരിയിലെ ‘സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ’യിൽനിന്ന് വ്യാജ ലെറ്റർപാഡുകളും സീലുകളും നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടറുകൾ കണ്ടെടുത്തു. വടക്കേക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ, എറണാകുളത്തെ ആശുപത്രിയിലുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജരേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി. അമ്പലമേട് പെരിങ്ങാലയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും വ്യാജമുദ്രകളും ഹാർഡ് ഡിസ്‌കുകളും കണ്ടെത്തി. വിദേശ രാജ്യങ്ങളുമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായും റാക്കറ്റിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.










0 comments