പ്രതിപക്ഷ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം: സിപിഐ എം

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വീട് ആക്രമിച്ചും പൊതുപരിപാടികൾ തടസപ്പടുത്തിയും പ്രതിപക്ഷം നടത്തുന്ന സമര ആഭാസങ്ങളെ കയ്യുംകെട്ടി നോക്കി നിൽക്കാനാകില്ലെന്ന് സിപിഐ എം. മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടിൽ കയറി റീത്ത് വച്ചും പൊലീസ് വാഹനം തകർത്തും പൊലീസുകാരെ അക്രമിച്ചും നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഒരു മേഖലയിലും ജനകീയ പ്രതിഷേധമുയരാത്ത വിധത്തിൽ മുഴുവൻ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വർഷമായി കേരളം കാണുന്നത്. അതിൽ അസഹിഷ്‌ണുതപൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാൻ ശ്രമിക്കുന്നത്.
ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്‌ണുതപൂണ്ട നിലപാട് സർക്കാരോ എൽഡിഎഫോ സ്വീകരിച്ചിട്ടില്ല. കടുത്ത സമരങ്ങളിലൂടെയും ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയും വളർന്നു വന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ മറന്ന ജനതയല്ല കേരളത്തിലുള്ളത്. ചികിത്സയോ മരുന്നോ ഇല്ലാതെ തെരുവ് നായകളുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങൾ. അന്നൊക്കെ സിപിഐ എം അതിരൂക്ഷമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മന്ത്രിയേയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടിൽ റീത്ത് വയ്‌ക്കാനോ തയ്യാറായിട്ടില്ല. അത് ജനാധിപത്യ സമരമാർഗവുമല്ല.
കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര മികച്ച നിലയിലേക്ക് പൊതുജനാരോഗ്യ മേഖലയെ പടുത്തുയർത്തത് ഈ കാലയളവിലാണ്. രോഗികൾക്ക് ഒരു തടസവുമില്ലാതെ മികച്ച ചികിത്സയും മരുന്നും ആശുപത്രികളിൽ ലഭ്യമാണ്. അത്യന്താധുനിക സൗകര്യമുള്ള ആതുരാലയങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ കരൾ, ഹൃദയ മാറ്റ ശസ്‌ത്രക്രിയകൾ നടത്തുന്നത്. ഇത്രയേറെ മെച്ചപ്പെട്ട സംവിധാനത്തിലേക്ക് സ്വാഭാവികമായും ലക്ഷക്കക്കണക്കിന് സാധാരണക്കാർ ചികിത്സ തേടിയെത്തും. അതിനിടയിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട പിഴവുകളോടും ഒരു വിട്ടുവീഴ്‌ചയും സർക്കാർ കാണിച്ചിട്ടില്ല. അന്വേഷണം നടത്തി കർശന നടപടികളാണ് ഓരോ സംഭവത്തിലും എടുത്തിട്ടുള്ളത്. ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുള്ളത്ര പിഴവുകൾ പോലും സർജറികളിൽ കേരളത്തിൽ സംഭവിക്കുന്നില്ലെന്നതാണ് വസ്‌തുത. ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ മറച്ചുവച്ചും ചില സംഭവങ്ങളുടെ പേരിൽ ഈ മേഖലയെ ആകെ കരിവാരിത്തേച്ചുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കനഗോലുവും കോൺഗ്രസും മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നുണയുദ്ധവും അതിന്മേലുള്ള അതിക്രമങ്ങളും കേരളത്തിൽ വിലപ്പോകുമെന്ന് കരുതരുത്.
എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ തന്നെ അടിയന്തിര ഇടപെടൽ സർക്കാരും ആരോഗ്യ വകുപ്പും പൊലീസും നടത്തുന്നുണ്ട്. അത്തരം സംഭവങ്ങളെ പെരുപ്പിച്ച് തെറ്റിദ്ധാരണ പരത്തി കലാപത്തിലേക്ക് തള്ളിവിടുന്നതിൽ ഒരു വിഭാഗം മാധ്യമങ്ങൾക്കും പങ്കുണ്ട്. അവർ നാടിനെ കുട്ടിച്ചോറാക്കുന്ന കുപ്രചാരണങ്ങളിൽ നിന്ന് പിന്മാറണം. സംസ്ഥാനത്തെ സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.










0 comments