ബഹളം വയ്‌ക്കാനായിമാത്രം വിഷയം കണ്ടെത്തി പ്രതിപക്ഷം

തിരുവനന്തപുരം
നിയമസഭയിൽ വിഷയദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം ചൊവ്വാഴ്‌ച അടിയന്തരപ്രമേയമായി കണ്ടെത്തിയത് ചാനൽ ചർച്ചയിൽ രാഹുൽഗാന്ധിക്കെതിരെ ബിജെപി വക്താവ് നടത്തിയ വിവാദപരാമർശം. അടിയന്തര വിഷയമല്ലാത്തതിനാൽ നോട്ടീസ് തള്ളിയ സ്‌പീക്കർ, സബ്‌മിഷനായി ഉന്നയിക്കാൻ അവസരം നൽകിയെങ്കിലും അത് വേണ്ടെന്നുവച്ച പ്രതിപക്ഷം സ്‌പീക്കറുടെ ഡയസ് കൈയേറി ബഹളംവച്ചു.
ചോദ്യോത്തര വേള കഴിഞ്ഞയുടൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചതുപോലെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രകടനം. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫായിരുന്നു പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്‌പീക്കർ എ എൻ ഷംസീർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങിയെങ്കിലും അതിനിടയിൽ സണ്ണി ജോസഫ് ഉൾപെടെയുള്ള പ്രതിപക്ഷാംഗങ്ങൾ ബഹളംവച്ച് കറുത്ത ബാനറുമായി സ്‌പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ, മുദ്രാവാക്യം വിളിയുയർന്നു. അപ്പോഴേക്കും ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കാൻ കോവൂർ കുഞ്ഞുമോനെ സ്‌പീക്കർ വിളിച്ചിരുന്നു. കശുവണ്ടിത്തൊഴിലാളികളുടെ വിഷയം അവതരിപ്പിക്കുന്പോൾ, അതിൽ താൽപര്യമില്ലാത്തതിനാലാണ് പ്രതിപക്ഷം ബഹളംവയ്‌ക്കുന്നതെന്ന് കോവൂർ പറഞ്ഞു. ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറഞ്ഞ മന്ത്രി പി രാജീവ് ആകട്ടെ, ഇപ്പോഴെങ്കിലും പ്രതിപക്ഷം ആർഎസ്‌എസിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ബഹളത്തിനിടയിലും ഏക കിടപ്പാടം സംരക്ഷിക്കുന്നതുൾപെടെ മൂന്ന് ബില്ലുകൾ ചർച്ചകൂടാതെ പാസ്സാക്കി സബ്‌ജക്ട് കമ്മിറ്റിക്ക് അയച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.










0 comments