ad
Deshabhimani

ചട്ടം പാലിക്കാതെ പുനഃസംഘടന; ഓപ്പൺ യൂണിവേഴ്സിറ്റി 
സിൻഡിക്കറ്റ്‌ റദ്ദാക്കി

SN Open University.jpg
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 1 min read

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നാമനിർദേശംചെയ്ത സിൻഡിക്കറ്റ് റദ്ദാക്കി സർക്കാർ ഉത്തരവ്‌. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കറ്റ് റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സർവകലാശാല രജിസ്‌ട്രാറോട്‌ ആവശ്യപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവ്‌ നൽകി.


സിൻഡിക്കറ്റിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കി പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിന്‌ നിയമസാധുതയില്ലെന്ന് ഹൈക്കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു. സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവിന്മേലുള്ള തുടർനടപടികളും സിൻഡിക്കറ്റ് യോഗങ്ങളും തടഞ്ഞ്‌ ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്‌ ഇടക്കാല നോട്ടീസ്‌ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സിൻഡിക്കറ്റ് റദ്ദാക്കാൻ സർക്കാർ തയ്യാറായത്‌.


കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പുതിയ സിൻഡിക്കറ്റ്‌ യോഗങ്ങൾ ചേരരുതെന്നും ഉത്തരവിലുണ്ടായിരുന്നു. നിലവിലുള്ള അംഗങ്ങളെ ഒഴിവാക്കി ഒന്പത്‌ പുതിയ അംഗങ്ങളെ നിയമിച്ച നടപടിയെ ചോദ്യംചെയ്‌ത്‌ സിൻഡിക്കറ്റ് അംഗങ്ങളായിരുന്ന പ്രൊഫ. ഡോ. പി പി അജയകുമാർ, അഡ്വ. ജി സുഗുണൻ, പി ഹരിദാസ് എന്നിവരാണ്‌ ഹർജി നൽകിയത്‌.


നിലവിലുള്ള സിൻഡിക്കറ്റ്‌ കാലാവധി പൂർത്തിയാക്കാൻ രണ്ടേമുക്കാൽ വർഷം ബാക്കിനിൽക്കെ ക്രമവിരുദ്ധമായിട്ടാണ് പിരിച്ചുവിടലും പുതിയ സിൻഡിക്കറ്റിന്റെ നിയമനവും നടത്തിയത്‌. നാല്‌ വർഷമാണ്‌ സിൻഡിക്കറ്റിന്റെ കാലാവധി. സർവകലാശാല ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളൊന്നും നിയമന ഉത്തരവിനുമുന്പ്‌ സർക്കാർ പാലിച്ചിട്ടില്ലെന്നും ഹർജിയിൽ ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home