കുഞ്ഞിന് ഓട്ടിസമുള്ളതായി സംശയം, വാമനപുരത്ത് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാമനപുരത്ത് ഒന്നര വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞുവെന്നും ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. കണിച്ചോട് അശ്വതി - സുഭാഷ് ദമ്പതികളുടെ മകളായ പവിത്രയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം വാമനപുരത്തെ അശ്വതിയുടെ വീട്ടിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ശേഷം അശ്വതി ചില മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുഞ്ഞിന് ഓട്ടിസം ബാധിച്ചിരുന്നതായി
അശ്വതിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും കുഞ്ഞിന് അസുഖമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ അശ്വതി ഇത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.
തൊഴിലുറപ്പിന് പോയി വന്ന മുത്തശ്ശിയാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിന്‍റെ ശരീരത്തും കഴുത്തിലും അടയാളങ്ങള്‍ കണ്ടതോടെയാണ് കൊലപാതമായിരിക്കാമെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.









0 comments