'അറിയാം അകറ്റാം അരിവാൾകോശ രോഗം': ഒരുവർഷം നീളുന്ന ക്യാമ്പയിൻ

തിരുവനന്തപുരം: സിക്കിൾസെൽ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാൾകോശ രോഗം' എന്ന പേരിൽ ഒരുവർഷം നീളുന്ന പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പും ട്രൈബൽ വകുപ്പും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സിക്കിൾസെൽ രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ, സഹായ പദ്ധതികൾ എന്നിവയിൽ അവബോധം നൽകും. രോഗബാധിതർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെ സംബന്ധിക്കുന്ന കാര്യങ്ങൾ ഗോത്രഭാഷയിൽ ഉൾപ്പെടെ പ്രത്യേക സന്ദേശങ്ങളും തയ്യാറാക്കുന്നതാണ്. 'അറിയാം അകറ്റാം അരിവാൾകോശ രോഗം' പ്രത്യേക ക്യാമ്പയിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.
ഗോത്രവർഗ വിഭാഗത്തിലെ സിക്കിൾസെൽ രോഗികളെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്രീനിങ് നടത്തി വരുന്നു. 2007 മുതൽ സംസ്ഥാന സർക്കാർ സിക്കിൾസെൽ സമഗ്ര ചികിത്സാ പദ്ധതിയ്ക്ക് തുടക്കമിട്ടു. വയനാട്, അട്ടപ്പാടി മേഖലയിലുള്ള ഗോത്രവർഗ വിഭാഗങ്ങളിൽ ഇതിനായി സ്‌ക്രീനിങ് ടെസ്റ്റുകളും തുടർ ചികിത്സകളും നടത്തിവരുന്നു. 2023ലാണ് പദ്ധതി സമഗ്രമായി നടപ്പിലാക്കിയത്. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 17 സംസ്ഥാനങ്ങളിലായി രോഗബാധ കൂടുതലായുള്ള പ്രദേശങ്ങളിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്. കേരളത്തിൽ ഈ പദ്ധതിയുടെ സേവനം നിലമ്പൂർ, അട്ടപ്പാടി ബ്ലോക്കുകളിൽ കൂടി വ്യാപിപ്പിച്ചു. ഈ വർഷം കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ, ട്രൈബൽ വകുപ്പ് ജോയിന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, യൂണിസെഫ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.








0 comments