print edition ഇൗ മാറ്റത്തിന് മാറ്റേറെ; പി യു ചിത്ര വിദ്യാഭ്യാസ വകുപ്പിൽ അസി. സ്പോർട്‌സ് ഓർഗനൈസറായി ചുമതലയേറ്റു

പാലക്കാട്: ‘മാറിയ കളിസ്ഥലങ്ങൾക്കൊപ്പം മാറ്റേറെയുള്ള പുതിയ കായിക താരങ്ങളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. പുതിയ ജോലിയല്ലേ പഠിച്ചു വരുന്നതെയുള്ളൂ.’ വിദ്യാഭ്യാസ ഡെപ്യൂട്ടി കാര്യാലയത്തിലെ ക്യാബിനിൽ ഫയലുകൾ മറിച്ചുനോക്കി പി യു ചിത്ര പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിൽ പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ മൂന്നു ജില്ലകളുടെ ചുമതലയുള്ള അസി. സ്പോർട്‌സ് ഓർഗനൈസറായി തിങ്കളാഴ്‌ചയാണ് രാജ്യാന്തര കായികതാരം പി യു ചിത്ര ചുമതലയേറ്റത്. പാലക്കാട് റെയിൽവേ ഡിവിഷനൽ ഓഫീസിലെ സൂപ്രണ്ട് ജോലി രാജിവച്ചാണ് സംസ്ഥാന സർക്കാർ സർവീസിൽ ചേർന്നത്.
2024ൽ നിയമന ഉത്തരവ് ലഭിച്ചെങ്കിലും മെറ്റേണിറ്റി അവധിയിലായതിനാൽ നിയമനം നീട്ടിനൽകുകയായിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേകം തസ്തിക സൃഷ്ടിച്ച് ചിത്രയുൾപ്പെടെ അഞ്ച് കായിക താരങ്ങൾക്കാണ് നിയമനം.
കായിക താരങ്ങൾക്ക് അവരുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി നൽകാനുള്ള സർക്കാർ തീരുമാനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് ചിത്ര പറഞ്ഞു. ‘പല കായിക താരങ്ങളും കഷ്ടപ്പാടുകളെ തരണം ചെയ്തെത്തുന്നവരാണ്. അവരുടെ അവസ്ഥ മനസ്സിലാക്കി മുന്നോട്ടു കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞേക്കും. കായിക മേഖലക്കായി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
പണ്ടത്തെ വളഞ്ഞ ട്രാക്കുകളൊന്നുമല്ല ഇന്ന് സ്കൂളുകളിൽ. ഫിറ്റ്‌നസ് സൂക്ഷിക്കാൻ എല്ലാ പഞ്ചായത്തുകളിലും ജിമ്മുകളുണ്ട്. പറളി സ്കൂളിൽ സിന്തറ്റിക് ട്രാക്കും നീന്തൽകുളവും വരെ വന്നു. റെയിൽവേയിൽ ഷിഫ്‌റ്റ് ആയതിനാൽ ഗ്രൗണ്ടിലേക്കിറങ്ങാൻ സമയം കിട്ടിയിരുന്നില്ല. പുതിയ കുട്ടികൾക്കൊപ്പം ഇനി ട്രാക്കിലാകണം’– ചിത്ര പറഞ്ഞു.










0 comments