print edition ശുദ്ധമായ പെട്രോൾ നൽകില്ലെന്ന് കമ്പനികൾ; ഇ 20 ഗുണനിലവാര പരിശോധന അനിശ്ചിതത്വത്തിൽ

കൊച്ചി: പെട്രോളിൽ എത്ര ശതമാനം എഥനോൾ ഉണ്ടെന്ന് താരതമ്യപഠനം നടത്തുന്നതിനുള്ള ശുദ്ധമായ പെട്രോൾ നൽകില്ലെന്ന് എണ്ണക്കന്പനികൾ നിലപാടെടുത്തതോടെ ഇ 20യുടെ ഗുണനിലവാര പരിശോധന അനിശ്ചിതത്വത്തിൽ. കർണാടക സർക്കാരിന്റെ പരിശോധനയിൽ ഇ 20 പെട്രോളിൽ 31 ശതമാനം എഥനോൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇത് വിവാദമായതോടെ, ഇ 20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിശ്ചയിച്ച ഗുണനിലവാര മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് വാദിച്ച് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്‌പി എന്നിവർ രംഗത്തെത്തി.
കർണാടകത്തിലെ പരിശോധനയെ തുടർന്നാണ് കേരളത്തിലും പരിശോധന തീരുമാനിച്ചത്. സർക്കാർ ലാബുകളിൽ ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധന നടത്താനായിരുന്നു നീക്കം. ഓയിൽക്കമ്പനികളിൽനിന്ന് ഇതിനായി കിറ്റുകളും എത്തിച്ചു. എന്നാൽ, എഥനോളിന്റെ അളവ് കൂടുതലാണെന്ന് കണ്ടെതിനെതുടർന്ന്, താരതമ്യപരിശോധനയ്‌ക്കായി കലർപ്പില്ലാത്ത പെട്രോൾ നൽകാൻ കഴിയില്ലെന്ന് എണ്ണക്കമ്പനികൾ നിലപാടെടുത്തു. ഇതോടെ പരിശോധന അനിശ്ചിതത്വത്തിലായി. ശുദ്ധമായ പെട്രോൾ പരിശോധനയ്‌ക്ക് നൽകണമെന്ന് ചട്ടമില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കമ്പനികൾ അറിയിച്ചു. ഇതോടെ, രാസവസ്‌തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധന നടത്താനാണ് സർക്കാർ നീക്കം.
റിഫൈനറികളിലും ഡിപ്പോകളിലും ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് എഥനോൾ കലർത്തുന്നതെന്നും ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നുണ്ടെന്നുമാണ് കമ്പനികളുടെ അവകാശവാദം. പഴയ വാഹനങ്ങളിലോ ഇ10 കോംപാറ്റബിൾ എന്ന് രേഖപ്പെടുത്തിയ വാഹനങ്ങളിലോ ഇ -20 ഇന്ധനം എൻജിൻ തകരാറോ റബർഭാഗങ്ങൾക്ക് കേടുപാടോ ഉണ്ടാക്കിയതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജൂലൈ 10ന് പെട്രോളിയം മന്ത്രാലയം ഒൗദ്യോഗികമായി അറിയിച്ചിരുന്നു. 2025–26 സാമ്പത്തികവർഷം മാരുതി സുസുക്കി സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിലും ഇ -20 മൂലം തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അവകാശപ്പെട്ടിരുന്നു.









0 comments