'വിദ്വേഷമല്ല, സ്നേഹം മാത്രം'; റംസാൻ കാലത്ത് പൊങ്കാലയ്ക്കെത്തുന്ന അതിഥികളെ വരവേൽക്കാൻ പാളയം ഇമാമിന്റെ ആഹ്വാനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി തിരുവനന്തപുരത്തേക്ക് എത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി പാളയം ജുമ മസ്ജിദ്. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തു. ഇത്തവണ പൊങ്കാല റംസാൻ കാലത്തായതിനാൽ, റംസാൻ നൽകുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊങ്കാല ദിവസം വീടുകളും മസ്ജിദുകളും തീർഥാടകർക്കായി തുറന്നുകൊടുക്കണമെന്നും അവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ഇമാം നിർദ്ദേശിച്ചു. റംസാൻ നോമ്പ് എടുക്കുന്നതിനാൽ പകൽ സമയത്ത് സാധാരണഗതിയിൽ വീടുകളിൽ ഭക്ഷണവും പാനീയങ്ങളും ഉണ്ടാകില്ലെങ്കിലും, പൊങ്കാലയ്‌ക്കെത്തുന്ന അതിഥികൾക്കായി പ്രത്യേകമായി കുടിവെള്ളവും റംസാൻ വിഭവങ്ങളും ഭക്ഷണവും കരുതിവെക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും മാത്രമേ പ്രതിരോധിക്കാൻ സാധിക്കൂ എന്നും, ഇത്തരം ആഘോഷവേളകൾ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷവും ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ തീർഥാടകർക്ക് നഗരത്തിലെ മുസ്ലീം, ക്രൈസ്തവ ദേവാലയങ്ങൾ വാതിൽ തുറന്നു നൽകിയിരുന്നു. തീർഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശുദ്ധജലവും ഒരുക്കി. പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഇവിടെ ലഭ്യമായിരുന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി പരിസരവും മൂന്ന് ഹാളുകളും വിശ്രമത്തിനായി തുറന്നുനൽകി. കുടിവെള്ളത്തിനും സംഭാരത്തിനും പുറമെ തീർഥാടകർക്കായി വിറകും വിതരണം ചെയ്തു. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകിയ ആരാധനാലയങ്ങളുമുണ്ട്. 'കേരള സ്റ്റോറി' പോലെയുള്ള ചിത്രങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയിട്ടും തകർക്കാൻ കഴിയാത്ത സാഹോദര്യത്തിന്റെ കഥയാണ് കേരളത്തിലെ ഓരോ ആഘോഷങ്ങളും ബാക്കിവയ്ക്കുന്നത്.










0 comments