print edition അപകടത്തിനില്ല മുന്നറിയിപ്പ്; സെൻട്രൽ സ്റ്റേഷനിൽ സുരക്ഷ അവതാളത്തിൽ

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക്
തിരുവനന്തപുരം: പ്രതിദിനം അമ്പതിനായിരത്തോളം യാത്രക്കാർ വന്നുപോകുന്ന സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഒളിഞ്ഞിരിക്കുന്ന അപകടക്കെണിയാകുന്നു. ബുധനാഴ്‌ച അഞ്ചാം പ്ലാറ്റ്‌ഫോമിലെ യന്ത്രഗോവണി പിന്നിലേക്ക് കറങ്ങി മൂന്ന് യാത്രക്കാർക്കാണ് പരിക്കേറ്റത്. ആദ്യഘട്ടത്തിൽ സംഭവം മറച്ചുവയ്ക്കാനായിരുന്നു റെയിൽവേ അധികൃതരുടെ ശ്രമം.
എന്നാൽ പരിക്കേറ്റ പെൺകുട്ടി തന്പാനൂർ പൊലീസിൽ പരാതി നൽകിയതോടെ വിഷയം പുറത്തായി. മുന്പും യന്ത്രഗോവണി പിന്നിലേക്ക് കറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. കൃത്യമായി അറ്റകുറ്റപ്പണി നടത്താതെയാണ് യന്ത്രഗോവണി പ്രവർത്തിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. അപകടമുണ്ടാക്കിയ യന്ത്രഗോവണി ശനിയാഴ്‌ചയും പ്രവർത്തന സജ്ജമാക്കിയിട്ടില്ല.
ഒന്നാം പ്ലാറ്റ്‌ഫോമിൽ രണ്ടും അഞ്ചാം പ്ലാറ്റ്‌ഫോമിൽ ഒരു യന്ത്രഗോവണിയുമാണുള്ളത്. പ്രധാന സ്റ്റേഷനായതിനാൽ ഇവ നിർത്തിയിടൽ പതിവില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ അപകടം ഉറപ്പ്.
ഇറങ്ങാനും കയറാനും രണ്ടുവഴി
റെയിൽവേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പോകാൻ പ്രധാനമായി രണ്ടുവഴിയാണുള്ളത്. അമൃത്‌ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ പവർഹൗസ് റോഡ് ഭാഗത്തേക്കുള്ള വഴിയിൽ കാൽനടയാത്രയ്‌ക്ക് നിയന്ത്രണമുണ്ട്. തിരക്കുള്ള സമയത്ത് നൂറുകണക്കിന് ആളുകളാണ് രണ്ട് അടി മാത്രമുള്ള വഴി ഉപയോഗിക്കുന്നത്. മഴക്കാലം അടുത്തതോടെ ഇതിലൂടെയുള്ള യാത്ര അപകടത്തിന് കാരണമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ തന്പാനൂർ ഭാഗത്ത് ഇറങ്ങി ചുറ്റിപോകേണ്ടി വരുന്നതിനാലാണ് ഇൗ അപകടവഴി തെരഞ്ഞെടുക്കുന്നത്. ടിക്കറ്റ് വെൻഡിങ് മെഷീനുകളും റിസർവേഷൻ, അൺറിസർവ്‌ഡ് ടിക്കറ്റ് കൗണ്ടറുകളും പ്രധാനകെട്ടിടത്തിലേക്ക് മാറ്റി. ഇതിന്റെ വശങ്ങളിലൂടെയാണ് ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള വഴി.
വിവരം തരാൻ ആളില്ല; സ്‌ക്രീൻ ‘വേസ്‌റ്റ്’
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അന്വേഷണവിഭാഗവും പേരിനുമാത്രം. സ്റ്റേഷനിലെത്തി പല സമയങ്ങളിലും ട്രെയിനുകൾ വരുന്ന പ്ലാറ്റ്‌ഫോം കൃത്യമായി അറിയാതെ യാത്രക്കാർ പരക്കം പായുന്നുണ്ട്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പൊലീസ് എയ്ഡ് പോസ്റ്റിനോടുചേർന്നാണ് അന്വേഷണ വിഭാഗം. ഇത് പെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടില്ല. ആവശ്യത്തിന് ജീവനക്കാരും ഉണ്ടാകാറില്ല.
റെയിൽവേ സ്റ്റേഷൻ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിഭാഗങ്ങൾ പൂർണമായി ഒഴിവാക്കി ഡിജിറ്റൽ ആക്കിയെന്നാണ് അധികൃതരുടെ വാദം. എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടും ഫലമില്ല. മങ്ങിയ വെളിച്ചത്തിൽ ചെറിയ അക്ഷരങ്ങളിലാണ് ട്രെയിൻ സമയം തെളിയുക. ട്രെയിനുകൾ വരുന്ന സമയം കൃത്യമായി മുൻകൂട്ടി അറിയിച്ചാൽ യാത്രക്കാർക്ക് തിരക്ക് കൂട്ടാതെ യാത്ര ചെയ്യാൻ സൗകര്യമാകും.
യന്ത്രഗോവണിയിലെ തകരാർ; കാലിന് പരിക്കേറ്റ പെൺകുട്ടി പരാതി നൽകി
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യന്ത്രഗോവണി (എസ്കലേറ്റർ) തകരാറിലായി അപകടത്തിൽപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി റെയിൽവേ പൊലീസ്. വലതുകാലിനു പൊട്ടലേറ്റ കോരാണി സ്വദേശി പി എസ് അപർണ (21) യുടെ പരാതിയിലാണ് അന്വേഷണം. അപകടത്തിൽ അപർണയ്ക്ക് പരിക്കേറ്റ വിവരം പുറത്തുവന്നിരുന്നില്ല.
അഞ്ചാം പ്ലാറ്റ്ഫോമിൽ തകരാറിലായ എസ്കലേറ്റർ അടച്ചനിലയിൽ
എസ്കലേറ്ററിൽ കുരുങ്ങി വസ്ത്രം കീറിയതിനാൽ സ്‌റ്റേഷനിൽ പരാതിപ്പെടാൻ സംഭവദിവസം കഴിഞ്ഞില്ല. സഹയാത്രികരാണ് അപർണയെ കൂട്ടിക്കൊണ്ടുപോയി വസ്ത്രം വാങ്ങി നൽകിയത്. തുടർന്ന് വീട്ടുകാരെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രത്തിൽ പഠിക്കുകയാണ് അപർണ. ചിറയിൻകീഴിൽ നിന്നാണ് വഞ്ചിനാട് എക്സ്പ്രസിൽ കയറിയത്.
സെൻട്രൽ സ്റ്റേഷനിൽ അഞ്ചാം പ്ലാറ്റ്ഫോമിൽ ഇറങ്ങിയശേഷം യന്ത്രഗോവണിയിൽ മറ്റു യാത്രക്കാർക്കൊപ്പം കയറിയപ്പോഴാണ് പുറകോട്ടു നീങ്ങിയത്. ഇതോടെ വസ്ത്രം യന്ത്രഗോവണിയിൽ കുരുങ്ങി കീറി. അപർണ താഴെ വീണു. കാലിൽ പൊട്ടലേറ്റ് വീട്ടിൽ കഴിയുന്നതിനാൽ അപർണയുടെ അച്ഛനാണ് സ്റ്റേഷൻ മാസ്റ്റർക്കും റെയിൽവേ പൊലീസിനും പരാതി നൽകിയത്.
സ്റ്റേഷനുമുന്നിൽ ഗതാഗതക്കുരുക്ക്
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷൻ റോഡിൽ രാവിലെയും വൈകിട്ടും മാത്രമല്ല, ഏതുസമയവും ഗതാഗതക്കുരുക്കിൽപ്പെടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. തന്പാനൂർ മേൽപ്പാലം, അരിസ്റ്റോ ജങ്‌ഷൻ ഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. കെഎസ്‌ആർടിസി സ്റ്റാൻഡിൽനിന്നുള്ള ബസ് സർവീസുകളെയും ഇത് ബാധിക്കുന്നു. നവീകരണം നടക്കുന്നതിനാൽ പുറത്തുനിന്നുള്ള വാഹനങ്ങൾ സ്റ്റേഷൻ പരിസരത്തേക്ക് കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ട്. സ്റ്റേഷന് മുന്നിലെ റോഡിലാണ് യാത്രക്കാരെ ഇറക്കുന്നത്. ഗതാഗതക്കുരുക്കിന് ഇതും കാരണമാണ്.
സ്റ്റേഷനിൽ എത്തിയ വാഹനങ്ങളുടെ നീണ്ട നിര റോഡിലേക്ക് നീണ്ടതോടെ തമ്പാനൂർ ജങ്ഷനിൽ അനുഭവപ്പെടുന്ന തിരക്ക്
വേണം ആകാശപ്പാത
തലസ്ഥാനത്തെ തിരക്കേറിയ ഇടമാണ് കെഎസ്‌ആർടിസി സ്റ്റാൻഡും സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരവും. സുരക്ഷിത യാത്രയ്‌ക്ക് കെഎസ്‌ആർടിസി സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും പോകാൻ ആകാശപ്പാത നിർമിക്കാവുന്നതാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന 495 കോടി രൂപയുടെ നവീകരണത്തിനൊപ്പം ആകാശപ്പാതകൂടി നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സംസ്ഥാന സർക്കാരുമായി ചേർന്ന് ഇതിന് പദ്ധതി ആവിഷ്‌കരിക്കാം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടാകുന്ന അപകടം കുറയ്ക്കാനും വാഹന ഗതാഗതം സുഗമമാകാനും ആകാശപ്പാത ഉപക രിക്കും.
വേണം, പേട്ടയിലും കൊച്ചുവേളിയിലും സ്റ്റോപ്
തിരുവനന്തപുരം: തിരക്കേറിയ സെൻട്രൽ സ്റ്റേഷനിൽ ആകെയുള്ളത് അഞ്ച് പ്ലാറ്റ്‌ഫോം. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് പ്ലാറ്റ്‌ഫോം വർധിപ്പിക്കണമെന്ന ആവശ്യത്തിന് ദീർഘനാളത്തെ ആയുസുണ്ടെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറല്ല.
കൊല്ലം ഭാഗത്തുനിന്ന് പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെ രാവിലെ 10നുമുന്പ് ശരാശരി 15 ട്രെയിനുകൾ സെൻട്രൽ സ്റ്റേഷനിൽ എത്തുന്നുണ്ട്. അത്രതന്നെ ട്രെയിനുകൾ കൊല്ലം ഭാഗത്തേക്കും പോകുന്നു. എന്നാൽ, പ്ലാറ്റ്‌ഫോമുകളുടെ അപര്യാപ്‌തത കാരണം ഒൗട്ടറിലെ സിഗ്നലിനുസമീപം പിടിച്ചിടുകയാണ് പതിവ്.
ട്രെയിനുകൾക്ക് പേട്ട, കൊച്ചുവേളി എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചാൽ സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് യാത്രക്കാർ പറയുന്നത്. വഞ്ചിനാട്, മാവേലി എക്‌സ്‌പ്രസ്, ജനശതാബ്ദി എന്നിവയ്ക്ക് പേട്ടയിലെങ്കിലും സ്റ്റോപ് അനുവദിക്കണം. കൊച്ചുവേളിയിൽ ഇറങ്ങുന്ന യാത്രക്കാർക്ക് സെൻട്രൽ സ്റ്റേഷനിലേക്കും നാഗർകോവിലേക്കും പോകാൻ പാസഞ്ചർ ട്രെയിൻ വേണമെന്ന ആവശ്യവുമുണ്ട്.











0 comments