print edition വാഹനം ഏര്‍പ്പാടാക്കിയില്ല; സ്കൂളിലെത്താനാകാതെ ആദിവാസി വിദ്യാര്‍ഥികള്‍

സ്കൂളിലെത്താനാകാത്ത ചോലാറമല ആദിവാസി നഗറുകളിലെ കുട്ടികൾ
പി രാമകൃഷ്ണന്‍
Published on Jun 03, 2026, 12:00 AM | 1 min read
എടവണ്ണ (മലപ്പുറം): പട്ടികജാതി വകുപ്പ് വാഹനം ഏര്‍പ്പാടാക്കാത്തതിനെ തുടര്‍ന്ന് എടവണ്ണ പഞ്ചായത്തിലെ കിഴക്കെ ചാത്തല്ലൂർ ചോലാറമല ആദിവാസി നഗറുകളിലെ കുട്ടികള്‍ക്ക് സ്കൂളിലെത്താനായില്ല. ചാത്തല്ലൂര്‍ ജെഎംഎൽപി സ്കൂളിൽ പ്രവേശനം നേടിയ 12 വിദ്യാര്‍ഥികള്‍ക്കാണ് ആറ് കിലോമീറ്റര്‍ മലയിറങ്ങി ചൊവ്വാഴ്ച സ്കൂളിലെത്താന്‍ സാധിക്കാഞ്ഞത്. എല്ലാ വര്‍ഷവും ജീപ്പിലായിരുന്നു ഇവരെ സ്കൂളിലെത്തിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം 2000 രൂപ ജീപ്പിന് വാടക നിശ്ചയിച്ചെങ്കിലും 1230 രൂപ നല്‍കി. ഇത്തവണ തുക വര്‍ധിപ്പിക്കണമെന്ന് ജീപ്പ് ഉടമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. അതുകൊണ്ട് വാഹനത്തിന് ടെന്‍ഡര്‍ നല്‍കിയപ്പോള്‍ ഉടമകളാരും പങ്കെടുത്തില്ല.
പകരം സംവിധാനമൊരുക്കാന്‍ പട്ടികജാതി വകുപ്പും തയ്യാറായില്ല. വിദ്യാര്‍ഥികളെ ദിവസേനെ ജീപ്പിലെത്തിക്കുന്നതിന് പകരം ഹോസ്റ്റലില്‍ നിര്‍ത്താമെന്ന നിലപാടാണ് വകുപ്പിലെ ജീവനക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍, ചെറിയ കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമില്ല. തിങ്കളാഴ്ച പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനായി മുന്‍വര്‍ഷത്തെ ഉടമ ജീപ്പ് വിട്ടുനല്‍കിയിരുന്നു.










0 comments