ad
Deshabhimani

സർജനില്ല; പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം ആംബുലൻസിൽ കിടത്തിയത് 5 മണിക്കൂർ

palakkad district hospital
avatar
സ്വന്തം ലേഖകൻ

Published on Sep 12, 2026, 11:26 AM | 1 min read

പാലക്കാട്‌ : ജില്ലാ ആശുപത്രിയിൽ ഫോറൻസിക്‌ സർജനില്ലാത്തതിനാൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം അഞ്ചു മണിക്കൂർ ആംബുലൻസിൽ കിടത്തി. കഞ്ചിക്കോട് നിഡയിൽ താമസിക്കുന്ന അതിഥിത്തൊഴിലാളി ബാലസുബ്രഹ്മണ്യന്റെ (54) മൃതദേഹമാണ് മണിക്കൂറുകളോളം മോർച്ചറിക്ക് മുന്നിൽ കിടത്തിയത്‌. വ്യവസായമേഖലയിലെ കിടക്കക്കമ്പനി തൊഴിലാളിയാണ്‌ ബാലസുബ്രഹ്മണ്യൻ. രാവിലെ കമ്പനിയോടുചേർന്ന താമസസ്ഥലത്ത് കുഴഞ്ഞുവീണ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


രാവിലെ എട്ടിന് മൃതദേഹവുമായി ബന്ധുക്കൾ ജില്ലാ ആശുപത്രി മോർച്ചറിയിലെത്തി. എന്നാൽ അകത്തുകയറ്റാൻ ജീവനക്കാർ സമ്മതിച്ചില്ല. ഡെങ്കിപ്പനി ബാധിച്ച്‌ ഫോറൻസിക്‌ സർജൻ അവധിയിലാണെന്നും തൃശൂരിലേക്ക്‌ കൊണ്ടുപോകണമെന്നും പറഞ്ഞു. പൊലീസിൽനിന്ന്‌ ഇത്‌ സംബന്ധിച്ച്‌ നിർദേശം കിട്ടാത്തതിനാൽ ഇവർ കാത്തുനിന്നു. പിന്നീട്‌ ഒന്നരയോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്‌ മാറ്റി. മൃതദേഹത്തിനോട് അനാദരവുണ്ടായെന്ന ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്ന്‌ കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു.

​പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

മൃതദേഹം ആംബുലൻസിൽ മണിക്കൂറുകളോളം കിടത്തി അനാദരവ്‌ കാണിച്ച സംഭവത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ്‌ ഡിവൈഎഫ്‌ഐ ഉപരോധിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഡിഎംഒയ്‌ക്ക്‌ റിപ്പോർട്ട്‌ നൽകുമെന്ന്‌ അധികൃതർ ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു. ജാലക മോർച്ചറി പ്രവർത്തനക്ഷമാമാക്കുമെന്നും ജൂനിയർ ഫോറൻസിക്‌ സർജൻ തസ്‌തികയിൽ പുതിയ നിയമനം നടത്തുന്നത്‌ ശുപാർശ നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ അഹമ്മദ്‌ അഫ്‌സൽ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്‌ സ്‌മിജി, ജോർജ്‌ ചിറമേൽ എന്നിവർ പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, ട്രഷറർ എം എ ജിതിൻരാജ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ കെ ഷൈജു, എ എൻ നീരജ്‌, വൈസ്‌ പ്രസിഡന്റ്‌ കെ ശ്രീജിത്‌, പാലക്കാട്‌ ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ നാസിം, പ്രസിഡന്റ്‌ വിനോദ്‌ കുമാർ, എസ് വിപിൻ എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home