print edition "അവന് നീതി കിട്ടിയില്ലെങ്കിൽ ഞങ്ങളും ഉണ്ടാകില്ല'

നിതിൻ രാജ് (ഇടത്), നിധിന് സഹോദരി അന്ത്യചുംബനം നൽകുന്നു| ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: "ലോൺ ആപ്പിന്റെ പേരിലൊന്നും അവൻ ആത്മഹത്യ ചെയ്യില്ല, എല്ലാവരുംകൂടി കൊന്നതാണ്. ലോണിന്റെ പേരുപറഞ്ഞ് ഇത് ചുരുക്കാൻ സമ്മതിക്കില്ല. എവിടെവരെ പോകാൻ പറ്റുമോ അവിടെവരെ പോകും. നിധിന് നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാകില്ല – അധ്യാപകരുടെ ജാതിവെറിയിൽ ജീവൻ നഷ്‌ടമായ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ സഹോദരി നിഖിത മാധ്യമങ്ങളോട് പറഞ്ഞു.
കോളേജിലെ എല്ലാ കാര്യങ്ങളും നിധിൻ പങ്കുവയ്ക്കാറുണ്ട്. എന്നും രാത്രി അവനോട് സംസാരിക്കുമായിരുന്നു. അവനോട് സംസാരിക്കാതെ ഉറങ്ങാറില്ലെന്നും സഹോദരി പറഞ്ഞു. നിധിന്റെ മരണകാരണം ലോൺ ആപ്പ് വഴിയെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതാണെന്നുള്ള കോളേജിന്റെ ആരോപണത്തിന് പിന്നാലെയാണ് നിഖിത മാധ്യമങ്ങളെ കണ്ടത്.
നിധിൻ രാജിന്റെ മരണത്തിൽ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തി. സഹതാപം പിടിച്ചുപറ്റാനാണ് നിധിൻ ആത്മഹത്യ ചെയ്തതെന്ന് എം കെ റാം പറഞ്ഞുവെന്നും നിധിനെ സ്ലം ഡോഗ് എന്ന് വിളിച്ചിരുന്നതായും നിധിന്റെ സഹപാഠി ആർച്ച മാധ്യമങ്ങളോട് പറഞ്ഞു.










0 comments