4,10,958 പട്ടയം കൈമാറി , കിഫ്‌ബിവഴി 93,749 കോടിയുടെ പദ്ധതികൾ ഏറ്റെടുത്തു
print edition വികസനയാത്ര ; മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.26 ലക്ഷം കോടിയിൽനിന്ന് 12.49 ലക്ഷം കോടിയായി

മിൽജിത് രവീന്ദ്രൻ
Published on Jan 21, 2026, 02:45 AM | 5 min read
തിരുവനന്തപുരം
പത്തുവർഷത്തെ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വികസനയാത്രയുടെ തുടർച്ച ചൂണ്ടിക്കാട്ടിയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനം. കഴിഞ്ഞദശകത്തിൽ ഇന്ത്യയിൽ സാമൂഹികമായി ഏറ്റവും മുന്നേറിയതും വ്യവസ്ഥാപിതമായി ശക്തമായതുമായ സംസ്ഥാനം എന്ന സ്ഥാനം കേരളം അരക്കിട്ടുറപ്പിച്ചു. ഇൗ വർഷം വികസനയാത്രയിലെ നിർണായക സന്ദർഭത്തിലേക്ക് കേരളം കടക്കുകയാണെന്നും പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ സർക്കാരിന്റെ നയംപ്രഖ്യാപിച്ച് ഗവർണർ പറഞ്ഞു.
വിദ്യാഭ്യാസാവകാശം, ആരോഗ്യസംരക്ഷണം, പൊതുശുചിത്വം, സാമൂഹ്യസുരക്ഷ എന്നിവ ലഭ്യമാക്കി അതിദാരിദ്ര്യം ഇല്ലാതാക്കി. കേരളത്തിലെ ശിശുമരണനിരക്ക് വികസിത സമ്പദ്‌ഘടനകളെക്കാൾ താഴ്‌ന്നതാണ്. രാജ്യത്ത് നവജാത ശിശുമരണനിരക്കും മാതൃമരണ നിരക്കും ഏറ്റവുംകുറവും കേരളത്തിലാണ്. 80 ശതമാനത്തിലേറെ വയോജനങ്ങളെ ഉൾപ്പെടുത്തിയുള്ള കേരളത്തിന്റെ സാമൂഹ്യസുരക്ഷാസംവിധാനം ലോകത്തുതന്നെ ഏറ്റവും സമഗ്രമായതാണ്. കേരള സേവനാവകാശ നിയമം, ഏകകിടപ്പാട സംരക്ഷണ ബിൽ, മലയാള ഭാഷാ സംരക്ഷണബിൽ തുടങ്ങിയ സുപ്രധാന നിയമങ്ങൾ പാസാക്കി.

2016മുതൽ 2025വരെ 19,127 കോടിരൂപ ചെലവഴിച്ച് അർഹരായവർക്ക് 6,00,547 വീട് നിർമിച്ചുനൽകി. ഇൗ വർഷം ഒരു ലക്ഷം വീടും 22 ഭവനസമുച്ചയങ്ങളും പൂർത്തിയാക്കും. പത്തുവർഷത്തിനുള്ളിൽ 4,10,958 പട്ടയം കൈമാറിയതിലൂടെ ലോകത്തിനുമുന്നിൽ മറ്റൊരു കേരളമാതൃകകൂടി അവതരിപ്പിച്ചു. പുനർഗേഹം പദ്ധതിയിൽ 3,498 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 1,186 വീടുകളുടെയും 788 ഫ്‌ളാറ്റുകളുടെയും നിർമാണം പുരോഗമിക്കുന്നു.
‘ലൈഫി’ൽ മത്സ്യത്തൊഴിലാളികൾക്ക് 16,798 വീട് നിർമിച്ചു. കിഫ്‌ബിവഴി 93,749 കോടിയുടെ പദ്ധതികൾ ഏറ്റെടുത്തു. ഇൗ വർഷം 1200 കിലോമീറ്റർ ജില്ലാ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും. സംസ്ഥാന ഹൈവേകളുടെ വീതികൂട്ടും. സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതി മിഷൻ മോഡിൽ നടപ്പാക്കും.
വരുമാനത്തിലും കടമെടുപ്പിലും നേരിടുന്ന എല്ലാവിധ നിയന്ത്രണങ്ങൾക്കിടയിലും ക്ഷേമനടപടികൾ, അടിസ്ഥാനസൗകര്യ വികസനം, വ്യാവസായിക പ്രോത്സാഹനം, തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയിൽ കേരളം നിക്ഷേപം തുടർന്നുകൊണ്ടിരിക്കുന്നു. ക്ഷേമാനുകൂല്യങ്ങൾ വിപുലീകരിക്കുകയും സ്‌ത്രീകൾക്ക് വരുമാനം ഉറപ്പുനൽകുന്ന പദ്ധതികൾ നടപ്പാക്കുകയും യുവാക്കൾക്ക് തൊഴിലധിഷ്‌ഠിത സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്‌തു.
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 2015–16ലെ 5.26 ലക്ഷം കോടിയിൽനിന്ന് 2024–25ൽ 12.49 ലക്ഷം കോടിയായി. പ്രതിശീർഷ വരുമാനം 2016ലെ 1,66,246 രൂപയിൽനിന്ന് 2024ൽ 3,08,338 രൂപയായി ഉയർന്നു. ശക്തമായ ഇൗ വികസനവഴി അടുത്തഘട്ട വികസനത്തിനുള്ള അടിത്തറയാണെന്നും ഗവർണർ പറഞ്ഞു.
തുല്യതയ്‌ക്കായി മാതൃകാ പദ്ധതി
വിവിധ കാരണങ്ങളാൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ നിരവധി. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വിദ്യാഭ്യാസപരമായ സമ്പൂർണ കൈവരിക്കാൻ ‘ബാക് ടു സ്കൂൾ’ പദ്ധതി. പ്രൊഫഷണൽ കോഴ്സുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിന് പ്രത്യേക സഹായ സ്കീമുകൾ നൽകുന്നു. പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള 44 വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളെ ഡിജിറ്റൽവൽക്കരിച്ച് ആധുനിക നൈപുണ്യ ഹബ്ബുകളാക്കി. പട്ടികവർഗ വനിതകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ‘വി ഇനിഷ്യേറ്റീവ്' പദ്ധതി ആരംഭിച്ചു. 1,000 പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലും ഇന്റേൺഷിപ്പും നൽകാൻ ലക്ഷ്യമിടുന്നു. 5,000 പേർക്ക് ഇതിനകം സഹായം നൽകി.
പിന്നാക്ക വികസന വകുപ്പിന്റെ സഹകരണത്തോടെ നിർമിതബുദ്ധി, റോബോട്ടിക്സ് സംരംഭങ്ങളിൽ ഒബിസി യുവാക്കൾക്കായി പദ്ധതി നടപ്പാക്കിവരുന്നു. ഒബിസി വനിതകൾക്ക് സ്വയം തൊഴിൽ സഹായം നൽകുന്നുണ്ട്. 7.20 ലക്ഷം രൂപയുടെ സ്കോളർഷിപ് നൽകുന്നതിനുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ് ആരംഭിച്ചു. ന്യൂനപക്ഷ അനാഥാലയങ്ങളിലെ വിദ്യാർഥികൾക്കായി ഗ്രാൻഡ് ഇൻ എയ്‌ഡ് സ്കീം നടപ്പാക്കിവരുന്നു.
സാങ്കേതിക കുതിപ്പിനൊപ്പം ഉന്നതവിദ്യാഭ്യാസ മേഖല
സാങ്കേതിക–വ്യവസായ കുതിപ്പുകൾക്കൊപ്പം വലിയ മുന്നേറ്റത്തിനാണ് ഉന്നതവിദ്യാഭ്യാസ മേഖല സാക്ഷ്യംവഹിച്ചത്. പുതിയ സർക്കാർ കോളേജുകളും സാങ്കേതിക സ്ഥാപനങ്ങളും കൊണ്ടുവന്നു. കൂടുതൽ സീറ്റ് അനുവദിച്ച് പുതുതലമുറ കോഴ്‌സുകൾ അനുവദിക്കുകയുംചെയ്തു. ഗവേഷണത്തിനും സംരഭകത്വത്തിനും സംഭാവന നൽകിയതിലൂടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിച്ചു. ബഹുമുഖ വിഷയാധിഷ്ഠിത പഠനം, അക്കാദമിക് വഴക്കം, നൈപുണ്യ സംയോജനം, ക്രെഡിറ്റ് മൊബിലിറ്റി എന്നിവ സാധ്യമാക്കിയ നാല് വർഷ ബിരുദ പ്രോഗ്രാം വിജയകരമായി നടപ്പാക്കി.
പരീക്ഷാ പരിഷ്കരണം, ഏകീകൃത അക്കാദമിക കലണ്ടർ, ഡിജിറ്റൽ മൂല്യനിർണയ സംവിധാനം എന്നിവ വിദ്യാർഥികളുടെ കാര്യക്ഷമത വർധിപ്പിച്ചു. ‘കെ റീപ്’ വഴി സർവകലാശാലകളിലെയും കോളേജുകളിലെയും അക്കാദമിക് നടത്തിപ്പും ഡാറ്റാ മാനേജ്‌മെന്റ് സംവിധാനവും ആധുനികവൽക്കരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി’ നടപ്പാക്കി. ക്ലാസ് റൂം രീതികൾ മെച്ചപ്പെട്ടു. സാമൂഹിക പങ്കാളിത്തത്തിലൂടെയും കൗൺസിലിങ്ങിലൂടെയും സുരക്ഷിതവും ആരോഗ്യപരവുമായ പഠനാന്തരീക്ഷം വളർത്തുന്നതിന് വിവിധ പരിപാടികൾ ഏറ്റെടുത്തു. മയക്കുമരുന്ന് വിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കി. അതിഥിത്തൊഴിലാളികളുടെ കുട്ടികൾക്കായി പ്രത്യേക പദ്ധതികൾ നട പ്പാക്കി.
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി ഉടൻ
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിർമാണം ഉടൻ ആരംഭിക്കും. ഇതോടെ ദേശീയതലത്തിൽ അംഗീകരിച്ച വ്യവസായിക ഇടനാഴി – സ്‌മാർട്ട് സിറ്റി പദ്ധതികളിൽ നടപടിക്രമം പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. പരമ്പരാഗതവും ജിഐ ടാഗ് ചെയ്‌തതുമായ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യൂണിറ്റി മാൾ പൂർത്തിയാകുന്നു. ടെക്‌നോപാർക്ക് ടെക്‌നോസിറ്റി വിപുലീകരണം, ഇൻഫോപാർക്കിൽ എഐ സിറ്റി വികസനം, ട്രാക്കോ കേബിൾസിന്റെ ഭൂമിയിൽ ഇൻഫോപാർക്കിന്റെ പുതിയ ഘട്ടം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്.
സ്വകാര്യ ഐടി പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ പ്രൈവറ്റ് ഐടി പാർക്ക് പ്രമോഷൻ സ്‌കീം നടപ്പാക്കും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കോറിഡോർ, മദർഷിപ്പ് നിർമാണത്തിന് സൗകര്യമൊരുക്കൽ, വിഴിഞ്ഞം തുറമുഖത്തെ ചരക്കുനീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായി ബന്ധിപ്പിക്കൽ എന്നിവയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നു.
സ്‌മാർട്ട് സ്‌റ്റോപ്പുകൾ; പുതുപാതകൾ
സംസ്ഥാനത്തെ 1200 കിലോമീറ്റർ പ്രധാന ജില്ലാ റോഡുകൾ ബിഎം ബിസി നിലവാരത്തിലേക്ക് ഉയർത്തും. സംസ്ഥാന ഹൈവേകളുടെ വീതി കൂട്ടും. സുസ്ഥിര നിർമാണം പ്രോത്സാഹിപ്പിക്കാൻ പഴയ റോഡുകൾ വെട്ടിപ്പൊളിക്കുമ്പോഴോ ഉപരിതലം നീക്കുമ്പോഴോ ലഭിക്കുന്ന ടാർ റോഡ് പാളികൾ നീക്കുന്ന (ആർഎപി) പൈലറ്റ് പദ്ധതി വ്യാപിപ്പിക്കും. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്‌ക്കാനുള്ള പദ്ധതി ഐഐടി മദ്രാസുമായി ചേർന്നാണ് നടപ്പാക്കുന്നത്.
റോഡ് മെയിന്റനൻസ് മാനേജ്‌മെന്റ് സിസ്‌റ്റം മുഖേന 31,000 കിലോമീറ്റർ റോഡ് ഡിജിറ്റൈസ് ചെയ്യുന്നത് ഡിജിറ്റൽ സംരംഭങ്ങളിൽപ്പെടുത്തും. റോഡ് സുരക്ഷയിൽ വിഷൻ സീറോ കൈവരിക്കാൻ സ്‌മാർട്ട് ബസ് സ്‌റ്റോപ്പുകളും കുഴികളില്ലാത്ത റോഡുകളും. സ്‌ത്രീ സൗഹൃദ സിവിൽ സ്‌റ്റേഷനുകളും ടേക്ക് എബ്രേക്ക് സൗകര്യങ്ങളും ശക്തിപ്പെടുത്തും
ഡിപ്പോകളിൽ സൗരോർജ പ്ലാന്റുകൾ
കെഎസ്‌ആർടിസിയുടെ പ്രധാന ഡിപ്പോകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. എല്ലാറൂട്ടുകളിലും പുതിയ ബസുകൾ ഓടിത്തുടങ്ങിയതോടെ ജനുവരിയിൽ 13.02 കോടി രൂപ കലക്‌ഷൻ നേടി. യുപിഐ വഴിയുള്ള ടിക്കറ്റ് വിതരണം, ട്രാവൽകാർഡുകൾ എന്നിവയും ഏർപ്പെടുത്തി. കൂടുതൽ ബസുകൾ ഓടിക്കുന്നതിനായി തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി സപ്ലിമെന്ററി കരാറുകളിൽ ഏർപ്പെടും.
ഗുണമേന്മയുള്ള ഡ്രൈവിങ് പഠനം നൽകുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസിയുടെ നേതൃത്വത്തിൽ ഡ്രൈവിങ് സ്‌കൂളുകളും ആരംഭിച്ചു. മോട്ടോർ വാഹനവകുപ്പ് ഡ്രൈവിങ് ലൈസൻസ്, ആർസി സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റിലാക്കി. സുരക്ഷിതമായ റോഡുകളും ശക്തമായ ട്രാഫിക് സംവിധാനവും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി സംവിധാനങ്ങളും കൊണ്ടുവന്നു.
ആറളം അറിവിനും തൊഴിലിനുമുള്ള ഹബ്ബ്
ആറളം വന്യജീവി സങ്കേതത്തെ അറിവിനും പ്രാദേശിക തൊഴിലിനുമുള്ള "ആറളം ബട്ടർഫ്ലൈ വില്ലേജ്' ഹബ്ബായി പരിവർത്തനപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഓൺലൈൻ കാലാവസ്ഥ സാക്ഷരത പ്ലാറ്റ്ഫോം ആവിഷ്‌കരിക്കുന്നതിനൊപ്പം നാല് തണ്ണീർത്തടങ്ങളെ കൂടി റാംസർ പദവിയിലേക്ക് നിർദേശിക്കും.
യുണിസെഫിന്റെ സഹകരണത്തോടെ യുവജനങ്ങളെയും വനിതകളെയും ഉൾപ്പെടുത്തി കാലാവസ്ഥ പ്രവർത്തനങ്ങളിലും സുസ്ഥിര ജീവിതശൈലികളിലും ശാക്തീകരണ പരിപാടികൾ നടപ്പാക്കും. "മാലിന്യമുക്തം നവകേരളം' ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ വിദ്യാർഥി ക്ലബുകൾ മുഖേന മാലിന്യ നിർമാർജന സൗകര്യങ്ങളുടെ ഓഡിറ്റിങും ആരംഭിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ഹരിത വ്യാപനത്തിനും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് വനം വന്യജീവി സംരക്ഷണത്തിന് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന് സംഘർഷ ഹോട്ട്സ്പോട്ടുകളെ കൈകാര്യം ചെയ്യുന്നതിനായി ലാൻഡ്സ്കേപ്പ് ലെവൽ മാക്രോ പ്ലാനുകളും പഞ്ചായത്തുകളിൽ മൈക്രോ പ്ലാനുകളും നടപ്പാക്കും.
ദുരന്ത മുന്നൊരുക്കങ്ങൾക്ക് തിരുവനന്തപുരത്ത് ബദൽ അടിയന്തര പ്രവർത്തനകേന്ദ്രം സ്ഥാപിക്കും. പത്തനംതിട്ടയിൽ ഐഒടി അധിഷ്ഠിതമായ ഉരുൾപ്പൊട്ടൽ നിരീക്ഷണവും തീർഥാടക സമൂഹ മാനേജ്മെന്റ് സിസ്റ്റവും സ്ഥാപിക്കും.
• എല്ലാ കേരളീയർക്കും നേറ്റിവിറ്റി കാർഡ്
• വയനാട് ടൗൺഷിപ്പ് ഉടൻ
• ഇടുക്കി പട്ടിശേരി ഡാം കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടാക്കും. ഫെബ്രുവരിയിൽ കമീഷനിങ്
• ബാണാസുര സാഗർ പ്രധാന കനാൽ മേയിലും കാരാപ്പുഴ പദ്ധതി ഡിസംബറിലും പൂർത്തിയാക്കും
• കൊച്ചി, ബേപ്പൂർ, വിഴിഞ്ഞം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് തീരദേശ ക്രൂയിസ് സേവനം
• 2 ക്രൂയിസ് വെസ്സലുകൾ കേരളം നിർമിക്കും
• 2400 കോടി ചെലവിട്ട് കുട്ടനാട് വികസന പദ്ധതിയുടെ രണ്ടാംഘട്ടം
• 33 മത്സ്യഭവനുകൾ സ്ഥാപിക്കും
• കണ്ണൂരിലെ കല്യാടിൽ ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആദ്യ ഘട്ടം ഉദ്‌ഘാടനം ഫെബ്രുവരിയിൽ
• 10,000 പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലും ഇന്റേൺഷിപ്പും
• കലിക്കറ്റ് സർവകലാശാലയിൽ ന്യൂനപക്ഷ ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്
• 3394 കോടി ചെലവിൽ മറൈൻ ഇക്കോസിറ്റി
• രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസ് റെന്റൽ ഹൗസിങ് സ്‌കീം
• അതിദാരിദ്ര്യത്തിൽനിന്ന് മുക്തരായ കുടുംബങ്ങൾക്ക് ഫാമിലി ബെനിഫിറ്റ് കാർഡ്
• ബ്രഹ്മപുരത്ത് 500 ടൺ വേസ്‌റ്റ് ടു എനർജി പ്ലാന്റ് നിർമാണം മേയിൽ ആരംഭിക്കും
• ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണം ഇൗ വർഷം ആരംഭിക്കും
• ഐടി കോറിഡോർ പദ്ധതിയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പാർക്കുകൾ
• നെല്ല് സംഭരിച്ച് ഒരാഴ്‌ചയ്‌ക്കകം തുക
• 125 ആശുപത്രികളിൽ ഡയാലിസിസ് സംവിധാനമൊരുക്കി. 13 ജില്ലയിൽ കാത്ത് ലാബ് ഒരുക്കി. ശേഷിക്കുന്ന ഒരു ജില്ലയിൽ ഇൗ വർഷം കാത്ത്‌ലാബ് സ്ഥാപിക്കും
• കഴിഞ്ഞ ഒമ്പതരവർഷം കെഎസ്‌ആർടിസിക്ക് നൽകിയത് 13,029 കോടി
• 2021 മെയ് മുതൽ 2025 നവംബർവരെ ക്ഷേമ പെൻഷന് ചെലവിട്ടത് 45,500 കോടി
• മെഡിസെപ്പ്‌വഴി നൽകിയത് 2,184 കോടിയുടെ ആനുകൂല്യം
• റബറിന്റെ താങ്ങുവില 150ൽനിന്ന് 200 ആയി ഉയർത്തി. 250 ആക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു










0 comments