ad
Deshabhimani

സ്വർണം കട്ടവരിൽ നിന്ന് തങ്ങളുടെ ആളുകളെ ഒഴിവാക്കണം എന്നതാണ് പ്രതിപക്ഷ ആവശ്യം; എം ബി രാജേഷ്

mb rajesh
വെബ് ഡെസ്ക്

Published on Feb 23, 2026, 11:09 AM | 1 min read

തിരുവനന്തപുരം: ശബരിമലയിൽ സ്വർണം കട്ട മുഴുവൻ ആളുകളും നിയമത്തിന് മുന്നിൽ വരണം എന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി എം ബി രാജേഷ്. അത് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞതുമാണ്. ശബരിമലയിലെ സ്വർണം കട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം എന്നതാണോ സ്വർണം കട്ടവരിൽ നിന്ന് തങ്ങളുടെ ആളുകളെ ഒഴിവാക്കണം എന്നതാണോ പ്രതിപക്ഷ ആവശ്യമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ ചോദിച്ചു.


തന്ത്രിയെ ഒഴിവാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ശബരിമല സ്വർണക്കൊള്ള കേസിലെ ഒരാളായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളത്. മറ്റെല്ലാ പ്രതികളെയും പോലുള്ള അവകാശമേ തന്ത്രിയ്ക്കുള്ളൂ. തന്ത്രിക്ക് രണ്ട് വക്കീലന്മാർ സഭയ്ക്ക് പുറത്തുണ്ട്. അത് ബിജെപിയും യു‍ഡിഎഫും ആണ്. സഭയ്ക്ക് അകത്ത് ബിജെപി ഇല്ലാത്തതുകൊണ്ട് ബിജെപിക്ക് വേണ്ടി കൂടിയുള്ള തന്ത്രിയുടെ വക്കാലത്ത് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.


തന്ത്രിയെ മുൻനിർത്തി വീണ്ടും തെരുവിലിറങ്ങാനുള്ള സുവർണാവസരമാണ് അവർ പ്രതീക്ഷിക്കുന്നത്. തന്റെ ഉപദേശ പ്രകാരമാണ് തന്ത്രി പ്രവര്‍ത്തിച്ചതെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയത് ഇന്നലെയാണ്. അന്ന് ആ സുവർണാവസരം ഒരുമിച്ച് മുതലെടുത്തവരാണ് യു‍ഡിഎഫും ബിജെപിയും. അന്ന് കൊടി മടക്കി ബിജെപിയുടെ പിന്നാലെ പോകാൻ ആഹ്വാനം ചെയ്തത് കെപിസിസി പ്രസിഡന്റാണ്.


ബിജെപിക്കാർക്ക് വെള്ളം കലക്കി കൊടുക്കാൻ മുസ്ലീം ലീ​ഗ് നാരങ്ങ വെള്ളവുമായി കാത്തിരിക്കുകയാണ്. അസമിലെ കോണ്‍ഗ്രസ് നേതാവ് ഭൂപൻ ബോറ ബിജെപിയിൽ ചേര്‍ന്നു എന്നതാണ് ഇന്നത്തെ വാർത്ത. നാളെ ഈ ഇരിക്കുന്നവരിൽ എത്രപേർ കോൺ​ഗ്രസിലും യു‍ഡിഎഫിലും ഉണ്ടാകുമെന്ന് വല്ല ​ഗ്യാരന്റിയുമുണ്ടോ? ഇത് രാഷ്ട്രീയ ഉപചാപമാണെന്നും അദ്ദേഹം വ്യക്തമാക്കി.


വാജി വാ​ഹനം ഉൾപ്പടെയുള്ളവയിൽ നടന്ന ക്രമക്കേടിലും കൊള്ളയിലും യുഡിഎഫിന്റെ ഭരണസമിതിക്ക് പങ്കുണ്ട്. ഇഹലോകത്തും പരലോകത്തും ഉള്ളയാളുകൾക്ക് പങ്കുണ്ടെന്ന് പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും തന്ത്രിയെ മുൻനിർത്തി ഒരുമിച്ച് നിൽക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home