ad
Deshabhimani

ഡോക്ടർ എന്നത് അവന്റെ സ്വപ്നം, ആത്മഹത്യ ചെയ്യില്ല; കോളേജ് അധികൃതർക്കെതിരെ നിതിന്റെ സഹോദരി

Nithin's sister

നിതിന്റെ ചേതനയറ്റ ശരീരം (ഇടത്) നിതിന്റെ സഹോദരി മാധ്യമങ്ങളെ കാണുന്നു (വലത്)

വെബ് ഡെസ്ക്

Published on Apr 15, 2026, 12:00 PM | 2 min read

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ നിതിന്റെ സഹോദരി രം​ഗത്ത്. അന്ന് കോളേജിൽ നടന്നത് എന്താണെന്നതിൽ വ്യക്തത വരുത്താൻ അധികൃതർ തയ്യാറാകുന്നില്ല. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് അനവധി ചോദ്യങ്ങളും ഉണ്ട്, അതിലൊന്നും ഉത്തരം തരാൻ കോളേജ് അധികൃതർ ഒരുക്കമല്ലെന്ന് സഹോദരി വെളിപ്പെടുത്തി.


നിതിന് അപക‌ടം സംഭവിച്ചു എന്ന വിവരം വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പറഞ്ഞ് തടിതപ്പാനുള്ള ശ്രമമാണ് നടത്തിയത്. സ്വിച്ച് ഓഫ് ആണ് അതുകൊണ്ട് ഇനി അവരെ അറിയിക്കേണ്ടതില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയാണോ കോളേജ് അധികൃതർ ചെയ്യേണ്ടത്. നിതിൻ ആത്മഹത്യ ചെയ്യില്ല. അവന്റെ മുറി നിറയെ ഡോക്ടർ പഠനത്തിനുള്ള ബുക്കുകളാണ്. ആ കോളേജിൽ നിന്നും മാറുന്നതിനായി രഹസ്യമായി നീറ്റിന് തയ്യാറെടുക്കുകയായിരുന്നു. അങ്ങനെയുള്ള നിതിൻ എങ്ങനെയാണ് ആത്മഹത്യ ചെയ്യുക എന്ന് സഹോദരി ചോദിക്കുന്നു.


ഡോക്ടർ പഠനം എന്നത് അവന്റെ വലിയ സ്വപ്നം കൂടിയായിരുന്നു. അന്ന് കോളേജിൽ, ആ മുറിയിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കോളേജ് അധികൃതർ വ്യക്തത വരുത്തണം. ഓരോ തവണയും ഓരോ മറുപടികളാണ് തരുന്നത്, ഇതിലെല്ലാം വൈരുദ്ധ്യമുണ്ട്. നിതിൻ ആദ്യം വീണു എന്ന് പറഞ്ഞത് മൂന്നാം നിലയിൽ നിന്നാണെന്നാണ്, പിന്നീട് അത് അഞ്ചാം നിലയായി. ഇപ്പോൾ മറ്റൊരു സ്ഥലം ചൂണ്ടിക്കാണിച്ചിട്ട് അവിടെ നിന്നാണ് വീണതെന്നും പറയുന്നു. എന്തുകൊണ്ട് കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്ക് സാധിക്കാത്തത്.


റൂമിൽ മൊബൈൽ ഫോൺ വെച്ച് പുറത്തേയ്ക്ക് പോയി എന്ന് പറയുമ്പോൾ എത്രത്തോളം മാനസിക സംഘർഷം നിതിൻ അനുഭവിച്ചിട്ടുണ്ടാകും. ഇതിനെല്ലാം പുറമെ, നിതിൻ ചാടി എന്ന് പറയുന്ന ഭാ​ഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ട നിലയിലാണ്. അവിടേയ്ക്ക് ഒരാൾ വീഴുമ്പോൾ സ്വാഭാവികമായും രക്തം തളംകെട്ടി കിടക്കും. അങ്ങനെയൊന്നും കണ്ടെത്തിയിട്ടില്ല. ഇതിലൊന്നും വ്യക്തമായ ചിത്രമില്ല. കോളേജ് അധികൃതരുടെ കണക്കുകൾ പ്രകാരം 3 മണിക്കൂറോളം വേദനകൾ സഹിച്ച് നിതിൻ ജീവനോടെയുണ്ടായിരുന്നു.


ആദ്യം എത്തിച്ച ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടായില്ല എന്ന് പറയുന്ന അധികൃതർ എന്തുകൊണ്ട് മറ്റ് ആശുപത്രിയിലേയ്ക്ക് നിതിനെ എത്തിക്കാൻ ശ്രമിച്ചില്ല. രണ്ട് മണിക്കൂറോളം നിതിന്റെ രക്ത​ഗ്രൂപ്പ് അറിയാതെ മെഡിക്കൽ കോളേജ് പോലെയുള്ള ആശുപത്രിയിൽ കിടത്തി എന്ന് പറയുന്നത് വിശ്വസനീയമല്ല. തങ്ങളുടെ ഈ ചോദ്യങ്ങൾക്കെല്ലാം കേളേജ് അധികൃതർ ഉത്തരം തന്നേ മതിയാകൂ എന്ന് നിതിന്റെ സഹോദരി കൂട്ടിച്ചേർത്തു. സഹോദരിയുടെ വാക്കുകളെ അക്കമിട്ട് നിരത്തുന്നതായിരുന്നു നിതിൻ തന്റെ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം. ആര് തളർത്തിയാലും താൻ ഡോക്ടറായിട്ടേ പുറത്ത് ഇറങ്ങൂ എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home