ad
Deshabhimani

നിതിൻ രാജിന്റെ മരണം

ബോഡി ഷെയ്മിങ്ങ്, അധിക്ഷേപം, ഭീഷണി: ഡോ. റാം സ്ഥിരം പ്രശ്നക്കാരനെന്ന് വിദ്യാർഥികൾ

nithin raj death students response

അഞ്ചരക്കണ്ടി ഗവ. ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 13, 2026, 11:52 AM | 2 min read

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഗവ. ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. ഡോ. റാം മുൻപും നിരവധി വിദ്യാർഥികളെ സമാനമായ രീതിയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് നിധിന്റെ സഹപാഠികൾ പറയുന്നു. അധ്യാപകന്റെ മാനസിക പീഡനം സഹിക്കവയ്യാതെ കോളേജിലെ ഒട്ടുമിക്ക വിദ്യാർഥികളും വലിയ മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ വ്യക്തമാക്കുന്നു.


"എനിക്ക് കോളേജിൽ തീരെ സഹിക്കാൻ കഴിയുന്നില്ല എന്ന് ഞാൻ എന്റെ അച്ഛനെ വിളിച്ച് പറഞ്ഞത് നിതിൻ മരിക്കുന്നതിന് തലേ ദിവസമാണ്. കോളേജിലെ എല്ലാ വിദ്യാർഥികളും ഒരു ട്രോമയിലൂടെയാണ് കടന്നുപോകുന്നത്. നിതിന്റെ മരണത്തിന് ശേഷമാണ് ഞങ്ങളും അത് തിരിച്ചറിയുന്നത്. എന്ത് മാനസികാവസ്ഥയിലാണ് ഞങ്ങളുള്ളതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഡോ. റാമിനെതിരെ നിരവധി സമാന പരാതികൾ മുമ്പും കോളേജ് അധികൃതർക്ക് ലഭിച്ചിരുന്നു. പേടിച്ചിട്ട് പല കുട്ടികളും ഇത്തരം ദുരനുഭവങ്ങൾ പുറത്തുപറഞ്ഞില്ല.


സുഹൃത്തുക്കളാണ് പരീക്ഷയ്ക്ക് ഇൻവിജിലേറ്ററായി വരുന്നത്, അല്ലെങ്കിൽ ജൂനിയേഴ്സ് ആയിരിക്കും, നിങ്ങൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ എനിക്ക് നിങ്ങളെ പരീക്ഷയിൽ തോൽപ്പിക്കാൻ കഴിയും എന്നൊക്കെ പറഞ്ഞ് ഡോ. റാം ഭീഷണിപ്പെടുത്തുമായിരുന്നു. ആ പേടിയിൽ തന്നെയാണ് വിദ്യാർഥികൾ ഒന്നും പുറത്തുപറയാതിരുന്നത്. ബോഡി ഷെയ്മിങ്ങ് ഉൾപ്പെടെ നടത്തി അധിക്ഷേപിക്കാറുണ്ടായിരുന്നു. രക്ഷകർത്താക്കളുടെ മുന്നിൽ വച്ച് തന്നെ വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. വൈവ പരീക്ഷ കഴിഞ്ഞാൽ മാത്രമേ സെമസ്റ്റർ പരീക്ഷ എഴുതാൻ സാധിക്കൂ, വകുപ്പ് മേധാവിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വൈവയിൽ തോൽപ്പിക്കുമെന്നായിരുന്നു ഡോ. റാമിന്റെ ഭീഷണി. തിയറി പരീക്ഷയിൽ ജയിച്ചാലും പ്രാക്ടിക്കൽ പരീക്ഷകളിൽ തോൽപ്പിക്കാനുള്ള ഒരു സാഹചര്യം കോളേജിലുണ്ട്. പലരെയും അത്തരത്തിൽ തോൽപ്പിച്ചിട്ടുണ്ട്.


നിധിനെ അധിക്ഷേപിക്കുന്നത് കേട്ടിട്ടില്ല. മറ്റൊരു ക്ലാസിലാണ് നിതിൻരാജ് പഠിച്ചിരുന്നത്. പക്ഷെ നിതിന്റെ കുടുംബം പറയുന്നതുപോലെ സംഭവിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തലയിലടിക്കുകയും ചെവി കിഴുക്കുകയും ആൺകുട്ടികളെ വിട്ട് പെൺകുട്ടികളെ അടിപ്പിക്കുകയും തുടങ്ങി വിദ്യാർഥികൾക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഡോ. റാമിൽ നിന്ന് നേരിട്ടതായി പല വിദ്യാർഥികളും പരാതി പറഞ്ഞിട്ടുണ്ട്."- അഞ്ചരക്കണ്ടി ​ഗവ. ദന്തൽ കോളേജിലെ അവസാന വർഷ വിദ്യാർഥിനി നയന പറഞ്ഞു.


നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കോളേജിൽ വിദ്യാർഥി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ക്ലാസുകൾ ബഹിഷ്കരിച്ചുകൊണ്ട് വിദ്യാർഥികൾ സമരത്തിലേക്ക് കടന്നു. നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെയും, മുൻപ് നൽകിയ പരാതികളിൽ ഉൾപ്പെട്ട അധ്യാപകർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. വിവിധ വിദ്യാർഥിസംഘടനകളുടെ പിന്തുണയോടെ അവസാന വർഷ ബിഡിഎസ് വിദ്യാർഥികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home