നിധിൻരാജിന് യാത്രാമൊഴി
print edition ആര് തരും ഇൗ കണ്ണീരിനുത്തരം

നിധിൻരാജിന്റെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുന്നു, നിധിൻരാജിന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന അമ്മ ലത

സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:30 AM | 2 min read
തിരുവനന്തപുരം : പറഞ്ഞതുപോലെ ഞായറാഴ്‌ച രാവിലെ തന്നെ അവൻ വീട്ടിലെത്തി. വെള്ളത്തുണിയിൽ പൊതിഞ്ഞ, ചേതനയറ്റ ആ ശരീരം കണ്ട് മകൻ ഡോക്ടർ ആവുന്നതും സ്വപനംകണ്ട് ജീവിച്ച അച്ഛനും അമ്മയും ഹൃദയംനുറുങ്ങി നിൽക്കേണ്ടിവന്നു. പ്രിയപ്പെട്ട അനിയന്റെ മരണം ഉൾക്കൊള്ളാൻ സഹോദരിമാർക്കുമായില്ല. കഴിഞ്ഞ ഞായറാഴ്‌ച അമ്മയ്‌ക്കടുത്തിരുന്ന് ഉൗണ് കഴിച്ച അതേ ഹാളിൽ ഒരാഴ്ചയ്‌ക്കുശേഷം അവൻ അനക്കമറ്റ് കിടന്നു. അധ്യാപകരുടെ തുടർച്ചയായ ജാതി അധിക്ഷേപത്താൽ ജീവനൊടുക്കിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ ആർ എൽ നിധിൻരാജിന് നാട് കണ്ണീരോടെ വിട നൽകി.
രാവിലെ ഏഴിനാണ് നിധിൻരാജിന്റെ മൃതദേഹം കൊറ്റാമലയിലെ വാടക വീട്ടിൽ എത്തിച്ചത്. മകന്റെ മരണവിവരം അറിഞ്ഞതുമുതൽ കരഞ്ഞുതളർന്ന അച്ഛൻ രാജന്റെയും അമ്മ ലതയുടെയും നിലവിളികൾക്ക് ഉത്തരം നൽകാൻ ആർക്കുമായില്ല. ‘എന്റെ മോൻ മരിച്ചിട്ടില്ല, അവന് ആരെങ്കിലും കുറച്ചു വെള്ളം കൊടുക്ക്, അവന് ജീവനുണ്ട്’... അമ്മ ലതയുടെ വാക്കുകൾ അവനെ അവസാനമായി കാണാനെത്തിയവരുടെ കണ്ണ് നനയിച്ചു. ‘ഇതിനാണോ നീ ഞായറാഴ്‌ച വരാൻ പറഞ്ഞത്‘ എന്ന് സങ്കടപ്പെടുന്ന സഹോദരിമാരായ രാഖിയെയും നിഖിതയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ പാടുപെട്ടു. വീട്ടിലെത്തിയ നേതാക്കന്മാരോട് ‘എന്റെ മോന് നീതി കിട്ടാൻ ഏതറ്റം വരെയും പോകു'മെന്ന് ലത ആവർത്തിച്ചു.
താമസിക്കുന്ന വീട്ടിൽനിന്ന് അര കിലോമീറ്റർ മാറി കുടുംബവീട് ഇരുന്ന കുന്നുനടയിലെ സ്ഥലത്ത് പകൽ ഒന്നരയോടെ മൃതദേഹം സംസ്‌കരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം, മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ, ജി സ്റ്റീഫൻ എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, സെക്രട്ടറി ഡോ. ഷിജൂഖാൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര കമ്മിറ്റിഅംഗം എസ് കെ ആദർശ്, പികെഎസ് ജില്ലാ പ്രസിഡന്റ് എസ് സുനിൽകുമാർ, സെക്രട്ടറി ഡി സുരേഷ്‌കുമാർ, വി എസ് ശിവകുമാർ, വി മുരളീധരൻ, തുടങ്ങിയവർ അന്ത്യോപാചരം അർപ്പിച്ചു.പെയിന്റിങ് തൊഴിലാളി വൈ എൽ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി സി ആർ ലതയുടെയും മകൻ ആർ എൽ നിധിൻരാജിനെ വെള്ളി പകൽ രണ്ടിനാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തിയത്. അധ്യാപകർ ജാതി പറഞ്ഞും നിറത്തിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.










0 comments