നിധിൻ രാജിന്റെ മരണം; ആരോഗ്യശാസ്‌ത്ര സർവകലാശാല സമിതി തെളിവെടുത്തു

നിധിൻ രാജ് (ഇടത്), നിധിൻരാജിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തിയ ആരോഗ്യശാസ്‌ത്ര സർവകലാശാല സംഘം (വലത്)
കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിൽ അന്വേഷണത്തിനായി ആരോഗ്യശാസ്‌ത്ര സർവകലാശാല നിയോഗിച്ച സമിതി വെള്ളിയാഴ്ച തെളിവെടുത്തു. ഡോ. അജിത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി രാവിലെ എട്ടരയോടെയാണ് കോളേജിലെത്തിയത്. ഓരോ ബാച്ചിലെയും വിദ്യാർഥികളെയും അധ്യാപകരെയും കണ്ട് വിവരം ശേഖരിച്ചു. കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽ എന്നിവരെയും കണ്ടു. നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള വിദ്യാർഥികളുടെ പരാതികൾ, കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയെല്ലാം ചോദിച്ചറിഞ്ഞു. അന്വേഷണം പൂർത്തിയാക്കിയശേഷം സമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും.
വിദ്യാർഥിക്ക് സ്ഥാപനത്തിൽ മാനസികപീഡനം നേരിട്ടതായി വാർത്തകൾ വന്ന സാഹചര്യത്തിലാണ് സമിതി രൂപീകരിച്ചത് ഗവേണിങ് കൗൺസിൽ അംഗം ഡോ. അജിത് നീലകണ്ഠൻ ചെയർമാനായും സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. ആശിഷ് - കൺവീനറായും മെഡിസിൻ ഡീൻ ഡോ. ഹരികുമാരൻ നായർ, ഡെന്റൽ ഡീൻ ഡോ. എൽബി പീറ്റർ എന്നിവർ അംഗങ്ങളുമായാണ് അന്വേഷണസമിതി.
ഈ മാസം പത്തിനാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.










0 comments