ad
Deshabhimani

നിതിൻ രാജിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമീഷൻ

nithin raj

നിതിൻ രാജ് (ഇടത്), നിധിന് സഹോദരി അന്ത്യചുംബനം നൽകുന്നു| ഫോട്ടോ: നിലിയ വേണു​ഗോപാൽ‍

വെബ് ഡെസ്ക്

Published on Apr 13, 2026, 11:25 AM | 1 min read

തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജിൻ്റെ മരണത്തിൽ ദേശീയ പട്ടികജാതി കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ഡിജിപിയോട് കമീഷൻ നിർദേശിച്ചു.


അധ്യാപകരിൽനിന്ന് കടുത്ത മാനസിക പീഡനവും ക്രൂരമായ ജാതി അധിക്ഷേപവുമാണ് നിതിൻ നേരിട്ടതെന്നാണ് വിവരം. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ, അസുഖം എന്നിവയുടെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ‘പുഴുത്ത പട്ടിയെന്നും തെരുവ്‌ പട്ടിയെന്നും’ വിളിച്ച്‌ അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കി. കെെയും കാലും വെട്ടുമെന്ന് അധ്യാപകൻ പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിലുണ്ട്‌.


സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസും എടുത്തിട്ടുണ്ട്‌. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് അറിയിച്ചു. പ്രത്യേകസംഘം ര‍ൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. സഹപാഠികളിൽനിന്ന്‌ മൊഴിയെടുത്തു. പ്രതിസ്ഥാനത്തുള്ള അധ്യാപകരെ ചോദ്യം ചെയ്യും. ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌. മനുഷ്യവകാശ കമീഷനും സംസ്ഥാന യുവജന കമീഷനും സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.


വെള്ളി ഉച്ചവരെ നിധിൻ ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് കോളേജ്‌ റിസപ്ഷനുപിന്നിലെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരിച്ചു. പോസ്സ്‌മോർട്ടത്തിന്‌ ശേഷം ഞായർ രാവിലെ ഏഴിന്‌ തിരുവനന്തപുരം കൊറ്റാമലയിലെ വാടക വീട്ടിൽ എത്തിച്ച നിധിന്റെ മൃതദേഹം കുന്നുനടയിലെ കുടുംബവീടിനുസമീപം പകൽ ഒന്നരയോടെ സംസ്‌കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home