print edition നിധിൻ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കിയേക്കും

ആത്മഹത്യ ചെയ്ത നിധിന്‍ രാജ്, കുറ്റാരോപിതനായ വകുപ്പുമേധാവി ഡോ. എം കെ റാം
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണസംഘം. മരിക്കുന്നതിന് തൊട്ടുമുന്പ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് ഇറങ്ങിവരുന്പോൾ നിധിൻ രാജ് കണ്ണുതുടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മരണകാരണം ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന വാദം പൊളിക്കുന്ന തെളിവും പൊലീസിന് ലഭ്യമായതായാണ് വിവരം. വിദ്യാർഥികൾ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തുവന്നതോടെ, ആരോപണവിധേയനായ ഡോ. എം കെ റാമിനെ പുറത്താക്കാനും മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.
കണ്ണൂർ എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്‌ചയും കോളേജിലെത്തി തെളിവ് ശേഖരിച്ചു. പ്രിൻസിപ്പൽ വിനോദ് മോനിയുടെ മൊഴിയെടുത്തു. ഡോ. എം കെ റാമിനെതിരെ നേരത്തേ ഉയർന്ന പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രിൻസിപ്പലിൽനിന്ന് ശേഖരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികൾ ഉന്നയിച്ച പരാതികൾകൂടി ഉൾപ്പെടുത്തിയാണ് പ്രിൻസിപ്പലിൽനിന്ന് മൊഴിയെടുത്തത്.
ലോൺ ആപിൽ രജിസ്‌റ്റർ ചെയ്യുന്നതിന് അധ്യാപിക ഡോ. ലത ശശിധരന്റെ നന്പറല്ല നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. റഫറൻസ് നന്പറായാണ് അധ്യാപികയുടേത് നൽകിയത്. അമ്മയുടെയും സഹോദരിയുടെയും നന്പറാണ് നൽകിയിരുന്നതെന്ന് നിധിൻ രാജ് പറഞ്ഞതായി പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിൽ വിളിപ്പിച്ചിരുന്നു. അധ്യാപികയുടെ നന്പറല്ല രജിസ്‌റ്റർ ചെയ്യാൻ ഉപയോഗിച്ചതെന്ന് നിധിൻ രാജ് പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺതന്നെ ഏൽപിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഡോ. റാമിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പള്ളിക്കുന്നിൽ താമസിക്കുന്ന ഇയാൾ സംഭവം നടന്നതുമുതൽ ധർമടം ചിറക്കുനിയിലെ ക്ലിനിക്കും തുറന്നിട്ടില്ല. റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരണമുൾപ്പെടെയുള്ള സമരത്തിലാണ്. ചൊവ്വാഴ്‌ച വിദ്യാർഥികളുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉത്തരവാദപ്പെട്ട മാനേജ്‌മെന്റ് പ്രതിനിധികൾ എത്തിയില്ല. 16ന് ചർച്ച നടത്താമെന്നാണ് മാനേജ്‌മെന്റ് വിദ്യാർഥികളെ അറിയിച്ചത്. പ്രസ്‌റ്റീജ് എഡ്യുക്കേഷണൽ ട്രസ്‌റ്റിനുകീഴിലാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജ് മാനേജ്‌മെന്റ്. കോളേജിൽ ആന്റി റാഗിങ് സെല്ലും ആഭ്യന്തര പരാതി പരിഹാരസമിതിയും പ്രവർത്തിക്കുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ചിറക്കുനിയിലെ ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി.










0 comments