ad
Deshabhimani

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർജാമ്യ ഹർജിയിൽ ഇന്ന് വിധി

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ
വെബ് ഡെസ്ക്

Published on Apr 25, 2026, 06:38 AM | 1 min read

തലശേരി: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അധ്യാപകരുടെ മുൻകൂർജാമ്യ ഹർജിയിൽ വിധി ഇന്ന്. നിതിൻരാജ്‌ ജീവനൊടുക്കിയ സംഭവത്തിലെടുത്ത ആത്മഹത്യാ പ്രേരണക്കേസിൽ ഒന്നും രണ്ടും പ്രതികളായ ഡെന്റൽ കോളേജ്‌ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയറ്റ്‌ പ്രൊഫസർ ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർജാമ്യാപേക്ഷയിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്.


നിതിൻരാജ്‌ നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച്‌ 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്‌പദമാണ്‌. സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക്‌ നിതിൻരാജ്‌ അയച്ച ഓഡിയോ, വാട്‌സാപ്‌ സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത്‌ സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.


പ്രതികൾക്ക്‌ മുൻകൂർജാമ്യം അനുവദിക്കരുതെന്ന്‌ നിധിൻരാജിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. വിനോദ്‌ രാഘവനും വാദിച്ചു. തെരുവുപട്ടിയെന്ന്‌ വിളിച്ച്‌ നിതിൻരാജിനെ തുടർച്ചയായി പ്രതികൾ അപമാനിച്ചതാണ്‌. ഇതിനെതിരെ പ്രിൻസിപ്പലിന്‌ പരാതിയും നൽകിയിരുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ പങ്കും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവ ദിവസം രണ്ടാം പ്രതി സംഗീത നമ്പ്യാർ കോളേജിൽ ഉണ്ടായിരുന്നില്ലെന്നും മംഗളൂരുവിലേക്ക്‌ യാത്രപോയിരുന്നതായും ഇവർക്കുവേണ്ടി ഹാജരായ അഡ്വ. വി ജയകൃഷ്‌ണൻ ബോധിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home