ad
Deshabhimani

print edition അധ്യാപകരിൽനിന്ന് നേരിട്ടത്‌ ക്രൂരമായ ജാതി അധിക്ഷേപം

nithin raj

നിധിന് സഹോദരി അന്ത്യചുംബനം നൽകുന്നു. ഫോട്ടോ: നിലിയ വേണു​ഗോപാൽ‍

avatar
സ്വന്തം ലേഖകൻ

Published on Apr 13, 2026, 01:51 AM | 2 min read

തിരുവനന്തപുരം/കണ്ണൂർ : അധ്യപകരിൽനിന്ന് കടുത്ത മാനസിക പീഡനം നേരിട്ടതിനുപിന്നാലെ കോളേജ്‌ കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ച കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ദന്തൽ കോളേജ്‌ വിദ്യാർഥിയും തിരുവനന്തപുരം ഉഴമലയ്‌ക്കൽ സ്വദേശിയുമായ ആർ എൽ നിധിൻരാജ്‌ (22) നേരിട്ടത്‌ ക്രൂരമായ ജാതി അധിക്ഷേപവും. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ, അസുഖം എന്നിവയുടെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ‘പുഴുത്ത പട്ടിയെന്നും തെരുവ്‌ പട്ടിയെന്നും’ വിളിച്ച്‌ അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കി. കെെയും കാലും വെട്ടുമെന്ന് അധ്യാപകൻ പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിലുണ്ട്‌.


സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ്‌ ചെയ്‌തിട്ടുണ്ട്‌. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസും എടുത്തിട്ടുണ്ട്‌. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് അറിയിച്ചു. പ്രത്യേകസംഘം ര‍ൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. സഹപാഠികളിൽനിന്ന്‌ മൊഴിയെടുത്തു. പ്രതിസ്ഥാനത്തുള്ള അധ്യാപകരെ ചോദ്യം ചെയ്യും. ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌. മനുഷ്യവകാശ കമീഷനും സംസ്ഥാന യുവജന കമീഷനും സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.


​ അവർ അവനെ ‘തെരുവ് പട്ടി' എന്നാണ് വിളിച്ചിരുന്നതെന്നും ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ടെന്ന്‌ ചോദിച്ചിരുന്നതായും സഹോദരി നിഖിത വെളിപ്പെടുത്തി. ഉത്തരക്കടലാസുകൾ മറ്റ് വിദ്യാർഥികൾക്ക് കൈമാറി പരിഹസിച്ചു. അധ്യാപകർ ജാതീയമായി പെരുമാറുന്നു എന്ന്‌ നിധിൻ മുമ്പ്‌ പറഞ്ഞെന്ന്‌ സഹോദരീ ഭർത്താവ്‌ അശോകൻ വ്യക്‌തമാക്കി. പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നും പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’ യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി. ‘പേരന്റ്‌സ്‌ മീറ്റിങ്ങിന്‌ പോയത്‌ ഞാനാണ്‌. കോളേജിലെ എന്തെങ്കിലും കാര്യം നിധിൻ പറഞ്ഞാൽ ഗ‍ൗനിക്കേണ്ട എന്നാണ്‌ അന്ന്‌ അധ്യാപകർ പറഞ്ഞത്‌’. – അശോകൻ പറഞ്ഞു.


അധിക്ഷേപം നേരിട്ടപ്പോൾ ഒരുതവണ അവൻ പ്രതികരിച്ചു. അതോടെയാണ് സ്ഥിരമായി അപമാനിക്കാൻ തുടങ്ങിയതെന്നും അശോകൻ കൂട്ടിച്ചേർത്തു. നവംബറിലാണ്‌ നിധിൻരാജ്‌ ബിഡിഎസ്‌ പ്രവേശനം നേടിയത്‌. വെള്ളി ഉച്ചവരെ നിധിൻ ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് കോളേജ്‌ റിസപ്ഷനുപിന്നിലെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരിച്ചു. പോസ്സ്‌മോർട്ടത്തിന്‌ ശേഷം ഞായർ രാവിലെ ഏഴിന്‌ തിരുവനന്തപുരം കൊറ്റാമലയിലെ വാടക വീട്ടിൽ എത്തിച്ച നിധിന്റെ മൃതദേഹം കുന്നുനടയിലെ കുടുംബവീടിനുസമീപം പകൽ ഒന്നരയോടെ സംസ്‌കരിച്ചു. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home