print edition കോളേജിൽനിന്ന് ഒന്നും അറിയിച്ചില്ല; സഹപാഠികളെപ്പോലും വിലക്കി

മാതാപിതാക്കളെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആശ്വസിപ്പിക്കുന്നു
തിരുവനന്തപുരം : ‘കോളേജിൽ നിന്ന് ഒന്നും അറിയിച്ചില്ല. കോളേജ് അധികൃതർ സംസാരിക്കാനോ കാണാനോ കൂട്ടാക്കിയില്ല. സഹപാഠികളെ പ്പോലും സംസാരിക്കുന്നതിൽ നിന്ന് വിലക്കി’ – അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ എൽ നിധിൻരാജിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മൂന്ന് അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ അപമാനിച്ചു. പുഴുത്ത പട്ടിയെന്നും വിഡ്ഡിയെന്നും വിളിച്ച് അധിക്ഷേപിച്ചു. നിധിൻരാജിനെ ടാർജറ്റ് ചെയ്‌ത് കുറ്റങ്ങൾ കണ്ടെത്തി എല്ലാവരുടെയും മുന്നിൽ വച്ചാണ് അധ്യാപകർ അപമാനിച്ചിരുന്നതെന്ന് നിധിന്റെ സഹോദരി ഭർത്താവ് അശോകൻ പറഞ്ഞു.
വെള്ളി വൈകിട്ട് അമ്മ ലതയുടെ ഫോണിലേക്കാണ് കോളേജ് ഓഫീസിൽ നിന്ന് ആണെന്ന് പറഞ്ഞ് ഒരാൾ വിളിക്കുന്നത്. നിധിൻ കോളേജിലെ മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയെന്നും ഐസിയുവിൽ ആണെന്നും പറഞ്ഞ് ഫോൺ വച്ചു. ഇൗ നമ്പറിലേക്ക് ആവർത്തിച്ച് വിളിച്ചെങ്കിലും പിന്നീട് ഫോൺ എടുത്തില്ല. ഇതിനിടെയാണ് ചാനലിൽ നിധിൻ മരണപ്പെട്ടതായുള്ള വാർത്ത കാണുന്നത്. അങ്ങനെയാണ് മരണ വിവരം അറിയുന്നത്.
കണ്ണൂരിൽ എത്തിയിട്ടും കോളേജ് അധികൃതരെ കാണാൻ കഴിഞ്ഞില്ല. സംഭവം നടന്ന സ്ഥലത്തേക്ക് കുട്ടികളെ വിട്ടില്ല. ഹോസ്റ്റലിലെ കുട്ടികൾ മൃതദേഹം കാണാൻ അഭ്യർഥിച്ചത് അനുസരിച്ച് ആംബുലൻസ് അവിടെ എത്തിച്ച് പത്ത് മിനിറ്റ് അതിനുള്ള സൗകര്യം നൽകുകയാണ് ചെയ്‌തതെന്നും അശോകൻ പറഞ്ഞു. നിധിൻ രാജിന്റെ സംസ്‌കാര ചടങ്ങിലും കോളേജിലെ അധ്യാപകരോ വിദ്യാർഥികളോ ആരും എത്തിയിരുന്നില്ല.










0 comments