മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചില്‍; രണ്ട് മൃതദേഹംകൂടി ലഭിച്ചു, മരിച്ചവരുടെ എണ്ണം നാലായി

മലപ്പുറം : നിലമ്പൂര്‍ പൂക്കോട്ടുംപാടം ടി കെ കോളനി കോട്ടപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി . രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച തിരച്ചിലാണ് രണ്ട് പുരുഷ മൃതദേഹങ്ങൾകൂടി ലഭിച്ചത്. പൊട്ടിക്കല്ല് ഗ്രൗണ്ടിന് സമീപത്തുനിന്നും ആൻ്റണിക്കാട് അസംപ്ഷൻ സ്കൂളിന് സമീപത്തുനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വണ്ടൂർ, കരുവാരക്കുണ്ട് സ്വദേശികളായ യുവാക്കളാണ് ഇതെന്ന് സംശയമുണ്ട്.
ഞായർ വൈകിട്ട് അഞ്ചോടെയാണ് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശവാസിയായ സ്ത്രീയടക്കം ആറുപേരെ കാണാതായി. ഇതിൽ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ എടരിക്കോട് ടൗണിലെ അനസ് മങ്ങാടന്‍ (31), തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌കുട്ടി (65) എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച ലഭിച്ചത്. മുഹമ്മദ്കുട്ടിയുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽനിന്നും അനസിന്റേത് ആന്റണിക്കാട് അസംപ്‌ഷൻ സ്കൂളിന് പിൻവശത്തുള്ള പുഴയിൽനിന്നുമാണ് കിട്ടിയത്. അനിസിന്റെ ബാപ്പ: മങ്ങാടൻ ഹമീദ്. ഉമ്മ: പാത്തുമോൾ. ഭാര്യ: ഫാത്തിമ ഷെറിൻ.
അവധിദിനമായതിനാല്‍ നിരവധിയാളുകള്‍ പുഴയോരത്ത് സന്ദര്‍ശനത്തിനെത്തിയിരുന്നു. ഒളർവട്ടം കനാൽമുതൽ ടി കെ കോളനിവരെ പുഴയുടെ വിവിധ ഭാഗങ്ങളിലായി ആളുകളുണ്ടായിരുന്നു. കെട്ടുങ്ങൾ, ആനക്കുണ്ട്, ബാലവാടിപ്പടി, കോയിപ്ര എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളെത്തിയത്. ചിലര്‍ പുഴയിലിറങ്ങി.
മലവെള്ളപ്പാച്ചിലില്‍ പുഴയിലെ വെള്ളം ഉയർന്നു. ചിലര്‍ സമീപത്തെ മരക്കൊമ്പിലും പാറയിലും കയറിനിന്നു. ഇങ്ങനെ കയറിനിന്ന മുപ്പതോളംപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പലഭാഗത്തും ആളുകൾ രക്ഷപ്പെടാനാകാതെ ഏറെനേരം കുടുങ്ങിക്കിടന്നു. നിലമ്പൂരില്‍നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച രാത്രി 9.30ന് അവസാനിപ്പിച്ച തിരച്ചിൽ തിങ്കളാഴ്ച പുലർച്ചെ പുനരാരംഭിക്കുകയായിരുന്നു.









0 comments