ad
Deshabhimani

കടലിൽ മത്സ്യക്കൃഷി വ്യാപനം; ചെറുമീൻ കടത്തുകാരെ സഹായിക്കാനെന്ന് മത്സ്യത്തൊഴിലാളികൾ

mariculture
avatar
സ്വന്തം ലേഖിക

Published on Sep 21, 2026, 07:30 AM | 1 min read

കൊല്ലം : കടലിൽ മത്സ്യക്കൃഷി (മാരികൾച്ചർ)വ്യാപകമാക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ നീക്കത്തിനു പിന്നിൽ ചെറുമീൻ കടത്തുകാരെയും വൻകിട ഫാക്ടറി ഉടമകളെയും സഹായിക്കുക എന്ന ഗൂഢലക്ഷ്യം. വളർന്ന് വലുതായി മത്സ്യമേഖലയ്ക്ക് കരുത്തായി മാറേണ്ട മത്സ്യം നഷ്ടമാകുന്നത്‌ തിരിച്ചടിയാകുക മത്സ്യത്തൊഴിലാളികൾക്ക്‌. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത്‌ മാരികൾച്ചർ പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സംഘടനകൾ, ബോട്ടുടമകൾ എന്നിവരുമായുള്ള ചർച്ച തീരദേശ ജില്ലകളിൽ പുരോഗമിക്കുന്നു. ഇതു ചെറുമീൻ പിടിത്തത്തിനു ലൈസൻസ് നൽകുന്നതിനു തുല്യമാണെന്ന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നു.

അതിനിടെ ചെറുമീൻ പിടിത്തത്തിനെതിരെയുള്ള നടപടി കർശനമാക്കേണ്ടെന്ന്‌ സംസ്ഥാന സർക്കാർ ഫിഷറീസ്‌ ഉദ്യോഗസ്ഥർക്ക്‌ വാക്കാൽ നിർദേശം നൽകിയതും ഈ ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ്.


ചെറുമ‍ീൻ പിടിച്ച ബോട്ട്‌ വിട്ടുകൊടുക്കാതെ പിഴ ഇ‍ൗടാക്കിയതിനെത്തുടർന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടറെ അടുത്തിടെ സ്ഥലം മാറ്റിയ സംഭവവും ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. പ്രശ്‌നത്തിൽ ഇടപെടാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് ഉന്നത ഭരണപക്ഷ രാഷ്ട്രീയ പിന്തുണയുണ്ട്‌.


മത്സ്യം, കോഴി– പക്ഷിത്തീറ്റകൾ, മത്സ്യ എണ്ണ, സൗന്ദര്യവർധക വസ്തുക്കൾ, വളം എന്നിവയുടെ ഉൽപ്പാദനത്തിനായി മംഗലാപുരം, ആന്ധ്ര, തമിഴ്‌നാട്‌, കർണാടകം എന്നിവിടങ്ങളിലെ വൻകിട കമ്പനികളിലേക്ക് ദിനംപ്രതി നൂറുകണക്കിനു ടൺ ചെറുമത്സ്യമാണ്‌ കടത്തുന്നത്‌. ചെറുമീനുകൾ, ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടൽ ജീവികൾ എന്നിവയെ കൂട്ടത്തോടെ പിടിക്കുന്നത്‌ കടലിന്റെ ആവാസവ്യവസ്ഥയ്‌ക്ക്‌ ഭീഷണിയാണ്‌. ലിറ്ററിന്‌ അന്തരാഷ്‌ട്ര വിപണിയിൽ ലക്ഷങ്ങൾ വിലയുള്ള ഒമേഗ 3 ഫാറ്റ്‌ സന്പന്നമായിട്ടുള്ള എണ്ണ ഉൽപാദിപ്പിക്കാൻ മിനിമം ലീഗൽ സൈസിൽ കുറവുള്ള ചാളയും വൻതോതിൽ കടത്തുന്നു.

മത്സ്യങ്ങൾ പൂർണ വളർച്ചയെത്തുംമുന്പ്‌ പിടിച്ച്‌ കടത്തുന്നതിനാൽ കടലിൽ വലയിറക്കുന്ന മത്സ്യത്തൊഴിലാളികൾ വെറുംകൈയോടെ മടങ്ങേണ്ട സ്ഥിതിയാണ്. ട്രോളിങ് നിരോധ ശേഷം കടലിൽ പോയ തൊഴിലാളികൾക്ക് ഇനിയും കാര്യമായി മീൻ ലഭിച്ചിട്ടില്ല. വലിയ ചാളയും അയലയും ലഭ്യമല്ലെന്ന്‌ തൊഴിലാളികൾ പറയുന്നു. നിരോധിത ഇരട്ട വല അടക്കമുള്ളവ ഉപയോഗിച്ച് ഒട്ടും വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുത്ത് കയറ്റി അയക്കുന്നത്‌ തുടർന്നിട്ടും നടപടിയെടുക്കാൻ ഫിഷറീസ്‌ അധികൃതർ തയ്യാറല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home