ad
Deshabhimani

ശബരിമല തീര്‍ഥാടന കാലത്ത് അധിക 
സേവനങ്ങളൊരുക്കും , അടുത്ത മണ്ഡല – മകരവിളക്ക്‌ സീസണുമുമ്പ്‌ 
നിർമാണം പൂർത്തിയാക്കും

print edition നിലയ്‌ക്കൽ ആശുപത്രി നിർമാണം ; മരം മുറിക്കാൻ അനുമതി

nilakkal hospital
avatar
സി ജെ ഹരികുമാർ

Published on Jan 10, 2026, 01:44 AM | 1 min read


ശബരിമല

നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാൻ പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിയ്‌ക്കാൻ അനുമതി. അടുത്ത മണ്ഡല–മകരവിളക്ക്‌ സീസണുമുമ്പ്‌ ആശുപത്രി പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ആശുപത്രി നിർമിക്കേണ്ട സ്ഥലത്ത്‌ നിൽക്കുന്ന 30 റബർ മരങ്ങൾ മുറിക്കാനാണ്‌ ദേവസ്വം ബോർഡ്‌ അനുമതി നൽകിയത്‌. 20ന്‌ നടയടച്ചശേഷം ദേവസ്വം ബോർഡ്‌ മേൽനോട്ടത്തിൽത്തന്നെ മരങ്ങൾ മുറിച്ചുനീക്കി സ്ഥലം അളന്നുതിരിക്കും. 50 സെന്റ്‌ സ്ഥലമാണ്‌ ബോർഡ്‌ ആശുപത്രി നിർമിക്കാൻ ആരോഗ്യവകുപ്പിന്‌ നൽകിയത്‌. സർക്കാർ ഏജൻസിയായ വാപ്‌കോസിനാണ്‌ പദ്ധതി നിർവഹണ ചുമതല.


10700 ചതുരശ്രഅടി വിസ്‌തീർണത്തിൽ 6.12 കോടി രൂപ ചെലവഴിച്ച്‌ മൂന്ന്‌ നിലകളിലായി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. എട്ട്‌ കിടക്കകളുള്ള ഐസി യൂണിറ്റും തീർഥാടന കാലയളവിൽ ട്രോമ കെയർ സംവിധാനമടക്കം ആശുപത്രിയിലുണ്ടാകും. ഒന്നാംനിലയില്‍ 12 കിടക്കയുള്ള അത്യാഹിത വിഭാഗം, ഒപി വിഭാഗങ്ങള്‍, ഏഴ്‌ കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാമ്പിള്‍ കലക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്റ്റോര്‍, പൊലീസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നിവയുണ്ടാകും. രണ്ടാംനിലയില്‍ നഴ്‌സസ് സ്റ്റേഷന്‍, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ശുചിമുറികൾ എന്നിവയും മൂന്നാംനിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററിയും ഒരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home