കൊച്ചിയിലെ രാത്രിയാത്രക്കാർ ശ്രദ്ധിക്കുക! ജൂൺ 29 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

കൊച്ചി: നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. എളംകുളം മെട്രോ സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
എല്ലാ ദിവസവും രാത്രി 11:00 മണി മുതൽ രാവിലെ 06:00 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും നിയന്ത്രണങ്ങൾ ഉണ്ടാകുക.
ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുമായി ആലോചിച്ചാണ് പുതിയ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. നിയന്ത്രണമുള്ള സമയങ്ങളിൽ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ചായിരിക്കും കടത്തിവിടുക. ഈ റൂട്ടിലൂടെ പോകുന്ന യാത്രക്കാർ ട്രാഫിക് പോലീസിന്റെയും കെഎംആർഎൽ സുരക്ഷാ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി വാഹനയാത്രികരും പൊതുജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് കെഎംആർഎൽ അധികൃതർ അഭ്യർത്ഥിച്ചു.










0 comments