മലപ്പുറത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം: വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

പ്രതീകാത്മക ചിത്രം
മലപ്പുറം: ചെമ്മാട് പുല്ല് കടത്തുന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംസ്ഥാനത്തെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി. കേസ് എൻഐഎ ഏറ്റെടുത്തതിനെത്തുടർന്നാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി വ്യാപക പരിശോധന അരങ്ങേറിയത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കേസിലെ ഒന്നാം പ്രതിയായ കോഴിക്കോട് മുക്കം ഇരഞ്ഞമാവ് സ്വദേശി ഹാരിസിന്റെ വസതിയിലും ഇയാളുടെ ഉടമസ്ഥതയിലുള്ള ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലും എൻഐഎ സംഘം പരിശോധന ആരംഭിച്ചത്. ഹാരിസിനെ കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെ വസതികളിലും സ്ഥാപനങ്ങളിലും ഒരേസമയത്തായിരുന്നു റെയ്ഡ്.
ഒന്നാം പ്രതി ഹാരിസിന്റെ (മുക്കം, കോഴിക്കോട്) വസതിയിലും ‘എക്സലന്റ് ബ്രിക്സ്’ സ്ഥാപനത്തിലുമായിരുന്നു പരിശോധന. രണ്ടാം പ്രതി ഷറീഫ് (മുക്കം), മൂന്നാം പ്രതി മുഹമ്മദ് സലീം (ഹോസ്‌ദുർഗ്, കാസർഗോഡ്), നാലാം പ്രതി അനിൽ കുമാർ (ചെറുപുഴ, കണ്ണൂർ), അഞ്ചാം പ്രതി നിസാർ (കോഴിക്കോട്), ആറാം പ്രതി ഇർഷാദ് (മുക്കം), ഏഴാം പ്രതി കർണറുദ്ദീൻ (ചെമ്മാട്) എന്നിവരാണ് മറ്റു പ്രതികൾ. ഇവരുടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. കേസിൽ നിലവിൽ ഏഴു പ്രതികളും അറസ്റ്റിലായിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി ആദ്യവാരമാണ് മലപ്പുറം ചെമ്മാട് വെച്ച് വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.










0 comments