ad
Deshabhimani

ശിലാഫലകത്തിൽ പേരുണ്ട്, ചടങ്ങിൽ വിലക്കിയത് രാഷ്ട്രീയ ഇടപെടലിലൂടെ; അനർഹർക്ക് ക്ഷണം

ശിലാഫലകം
വെബ് ഡെസ്ക്

Published on Mar 11, 2026, 06:08 PM | 1 min read

കൊച്ചി: ദേശീയപാത 66-ന്റെ ആദ്യഘട്ട റീച്ച് ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് ബോധപൂർവ്വമെന്ന് വ്യക്തമാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിലാഫലകത്തിൽ ഔദ്യോഗിക ചട്ടപ്രകാരം മന്ത്രിയുടെ പേര് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചടങ്ങിൽ പങ്കെടുക്കാനുള്ള എല്ലാ അർഹതയും യോഗ്യതയുമുണ്ടായിട്ടും, രാഷ്ട്രീയ ഇടപെടലുകളെത്തുടർന്ന് അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു എന്നതാണ് വ്യക്തമാകുന്നത്.


ഇതിനെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരൻ നടത്തിയ 'മുഖ്യമന്ത്രിയെ വിളിച്ചാൽ പോരേ, മരുമകനെ എന്തിനാണ് വിളിക്കുന്നത്' എന്ന പരാമർശം ഒരു ഭരണഘടനാ പദവിയെ പരിഹസിക്കുന്നതും രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തതുമാണ്. മുഹമ്മദ് റിയാസ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖരന്റെ ഈ അധിക്ഷേപം.


ദേശീയപാത വികസനത്തിന്റെ നോഡൽ ഓഫീസായി പിഡബ്ല്യുഡി വകുപ്പ് പ്രവർത്തിക്കുമ്പോഴാണ് ഉത്തരവാദിത്തപ്പെട്ട മന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത്. പകരം, ഈ പദ്ധതിയുമായി യാതൊരു ഔദ്യോഗിക ബന്ധവുമില്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെയും മുൻപ് ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്തവരെയും ചടങ്ങിൽ ഉൾപ്പെടുത്തുകയായിരുന്നു.


സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് മാത്രം 5600 കോടി രൂപയാണ് കേരളം സ്വന്തം ഖജനാവിൽ നിന്ന് നൽകിയത്. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്രയും വലിയ തുക ദേശീയപാത വികസനത്തിനായി ചിലവഴിക്കുന്നത്. കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും കിഫ്ബി വഴി വായ്പയെടുത്താണ് കേരളം ഈ വിഹിതം കണ്ടെത്തിയത്. എന്നാൽ ഇതിന്റെ ബാധ്യത കൂടി കണക്കിലെടുത്ത് കേന്ദ്രം കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയായിരുന്നു.


കേരളം നൽകിയ വലിയ സാമ്പത്തിക വിഹിതവും ടോൾ ഇനത്തിൽ ഓരോ വർഷവും കേന്ദ്രത്തിലേക്ക് എത്തുന്ന കോടിക്കണക്കിന് രൂപയും ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.


കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പോലും അഭിനന്ദിച്ച കേരളത്തിന്റെ വികസന മാതൃകയെ തമസ്കരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home