ദേശീയപാത നിർമാണം ഇഴയുന്നു: അനുകൂല കാലാവസ്ഥയിലും കല്ലമ്പലം മേഖലയിൽ പണി മുടങ്ങി

കല്ലമ്പലം ദേശീയപാത നിർമാണം നിലച്ച നിലയിൽ
കിളിമാനൂർ : ദേശീയപാത 66ന്റെ ആറുവരിപ്പാത വികസനം കല്ലമ്പലം മേഖലയിൽ സ്തംഭനാവസ്ഥയിൽ. നിർമാണം പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന കാലാവധി അടുത്തെത്തിയിട്ടും പണികൾ ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. 2025 ഡിസംബറിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു കരാർ കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിർമാണം പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കും.
ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മേൽനോട്ടക്കുറവാണ് നിർമാണം നീണ്ടുപോകാൻ പ്രധാന കാരണമെന്ന ആക്ഷേപം ശക്തമാണ്. മഴയില്ലാത്ത അനുകൂല കാലാവസ്ഥ ലഭിച്ചിട്ടും ഈ മേഖലയിൽ കാര്യമായ പ്രവൃത്തികളൊന്നും നടക്കുന്നില്ല. സർവീസ് റോഡുകളുടെ നിർമാണത്തിലെ പിഴവുകൾ കാരണം പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നിർമിച്ച സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നത് അപകടങ്ങൾക്കും രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമായി. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള 30 കിലോമീറ്റർ ദൂരത്തിൽ 12.5 കിലോമീറ്റർ ആറ്റിങ്ങൽ ബൈപാസ് ആണ്. മാമം പാലം മുതൽ മണമ്പൂർ വഴി കല്ലമ്പലത്തിന് സമീപം ദേശീയപാതയുമായി യോജിക്കുന്ന ഈ ബൈപാസിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്.
കരാറുകാരെ ഇടയ്ക്ക് മാറ്റിയെങ്കിലും തൊഴിലാളികളെ നിയന്ത്രിക്കാനോ നിർമാണത്തിന്റെ ഗുണമേന്മ പരിശോധിക്കാനോ അധികൃതർ സ്ഥലത്തെത്താറില്ലെന്ന് പരാതിയുണ്ട്. കൂടാതെ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളും നിർമാണ സാമഗ്രികളും നിരന്തരം മോഷ്ടിക്കപ്പെടുന്നത് പണികളെ ബാധിക്കുന്നു. പരാതി നൽകിയിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒൻപത് മാസത്തോളമായിട്ടും തുടർനടപടികൾ ഇല്ലാത്തത് നാട്ടുകാരെ വലയ്ക്കുന്നു. രൂക്ഷമായ പൊടിശല്യം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് പണി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments