ad
Deshabhimani

print edition നിയമയുദ്ധത്തിനൊരുങ്ങി 
എൻജിഒ യൂണിയൻ

Kerala NGO Union.jpg
വെബ് ഡെസ്ക്

Published on May 08, 2026, 12:34 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെ ‘ഉദ്യോഗസ്ഥ വേട്ട’. പൊതുവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, നിയമം, ഓഡിറ്റ്, സഹകരണം വകുപ്പുകളിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കൂട്ടസ്ഥലമാറ്റത്തിന്‌ ഉത്തരവിറക്കി. ഇതിനെതിരെ അഡ്‌മിനിസ്ടേറ്റിവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്‌ എൻജിഒ യൂണിയൻ.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥലംമാറ്റൽ ഉത്തരവ് ഡയറക്ടർക്കുപകരം, അസോസിയേഷൻ നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽനിന്നാണ്‌ ഇറക്കിയത്‌. പ്രിൻസിപ്പൽ ഓഫീസിലെ നാല് സീനിയർ ക്ലാർക്കുമാരെയാണ് തിങ്കളാഴ്ച മാറ്റിയത്. ഇതിൽ എൻജിഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയ വൈസ് പ്രസിഡന്റ് എൽ എ അജിത് കുമാറിനെ പ്രിൻസിപ്പലിന്റെ അധികാരപരിധിയിലല്ലാത്ത കണ്ണാശുപത്രിയിലേക്ക്‌ മാറ്റി.


ഇത്‌ ചട്ടവിരുദ്ധമാണെന്ന്‌ കാണിച്ച്‌ യൂണിയൻ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അജിത്തിനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. എന്നാൽ അസോസിയേഷൻ വീണ്ടും സമ്മർദം ചെലുത്തിയതോടെ ഡിഎംഇ ഓഫീസിൽനിന്ന് അജിത്തിനെ കണ്ണാശുപത്രിയിലേക്ക് മാറ്റി മറ്റൊരു ഉത്തരവിറക്കി.


വകുപ്പുതല മാനദണ്ഡങ്ങളോ സീനിയോറിറ്റിയോ പരിഗണിക്കാതെയാണ് ഉത്തരവുകളിറക്കുന്നത്‌. 31ന് വിരമിക്കാനിരിക്കുന്ന എൻജിഒ യൂണിയൻ നോർത്ത്‌ ജില്ലാ കമ്മിറ്റി അംഗം എ റഷീദിനെ ഡിഎംഇ ഓഫീസിൽനിന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ്‌ മാറ്റിയത്‌.


ജില്ലാ കൗൺസിൽ അംഗങ്ങളായ യു എൽ അമൽ, അമ്മു ശ്രീകുമാർ, ഡി ശാലു, ഏരിയാ കമ്മിറ്റി അംഗം വി ആർ ദിവ്യ എന്നിവരെയും മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിൽമാത്രം രണ്ട് ഉത്തരവുകളിലായി 11 പേരെയും വനിതാ ശിശുവികസന ഡയറക്ടർ ഓഫീസിലുള്ള എൻജിഒ യൂണിയൻ പൂജപ്പുര ഏരിയാ പ്രസിഡന്റ്‌ സതീഷിനെ പാലോടേക്കും മാറ്റി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുംമുമ്പാണ്‌ പല ഉത്തരവുകളും ഇറക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home