ad
Deshabhimani

നിയമനത്തട്ടിപ്പ്‌: നെയ്യാറ്റിന്‍കര കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ 5 പേരെ പിരിച്ചുവിട്ടു

congress bank
avatar
സ്വന്തം ലേഖകൻ

Published on Apr 22, 2025, 12:53 PM | 1 min read

നെയ്യാറ്റിൻകര: കോൺഗ്രസ്‌ നേതൃത്വത്തിലുള്ള നെയ്യാറ്റിൻകര പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിയമനത്തട്ടിപ്പ്. ശാഖാ മാനേജർ ഹിമ ചന്ദ്രൻ, ജൂനിയർ സൂപ്പർവൈസർമാരായ ബി എസ്‌ ആഷ്മി, വി എൻ മധുകുമാർ, ജൂനിയർ ക്ലർക്ക് എം പ്രേംകുമാർ, പ്യൂൺ വി ആർ അജിത് കുമാർ എന്നിവരെ അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടു. ബാങ്കിലെ മറ്റ്‌ ജീവനക്കാർ സഹകരണ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


ഹിമ ചന്ദ്രൻ, ബി എസ്‌ ആഷ്മി, വി എൻ മധുകുമാർ, എം പ്രേംകുമാർ എന്നിവർ ജോലി നേടുന്നതിനും ഉദ്യോഗക്കയറ്റത്തിനും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായി കണ്ടെത്തി. സഹകരണ ചട്ടം അനുസരിച്ച് സബ് സ്റ്റാഫ് വിഭാഗത്തിൽനിന്ന് ജൂനിയർ ക്ലർക്ക് വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ചട്ടപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. എന്നാൽ, പ്യൂൺ തസ്തികയിൽ നിയമനം നടത്തി ഒരുവർഷം പൂർത്തിയായപ്പോൾത്തന്നെ ക്ലറിക്കൽ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി. സീനിയോറിറ്റി പാലിക്കാതെ എസ്‌സി/എസ്‌ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസരണം ലഭിക്കാനുള്ള അവസരം നിഷേധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.


സ്വീപ്പർ തസ്തികയിൽ ഒഴികെ മുഴുവൻ ജീവനക്കാരും പ്യൂൺ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. അതിനുശേഷം സ്ഥാനക്കയറ്റം നൽകുകയായിരുന്നു. പരീക്ഷ ബോർഡ് വഴി ഒരു നിയമനവും നടത്തിയതുമില്ല. എ ക്ലാസ് അംഗമായ വി ആർ അജിത് കുമാറിനെ വിവിധ കീം വായ്പകളും ബാധ്യതകളും നിലനിൽക്കെ 2017ൽ പ്യൂൺ ആയി നിയമിച്ചതും 2022ൽ അറ്റൻഡറായി സ്ഥാനക്കയറ്റം നൽകിയതും ചട്ടവിരുദ്ധമാണ്. നിയമവിരുദ്ധമായി നിയമനം നേടിയവരെ പിരിച്ചുവിടുന്നതോടൊപ്പം അവർ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കണമെന്നും അസിസ്റ്റന്റ് രജിസ്ട്രാർ നിർദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home