ചെന്നിത്തല സതീശൻ മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? അന്തിമ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിലെ ഭിന്നതകൾ രൂക്ഷമാക്കി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിഡി സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.
ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നൽകാമെന്ന് ഹൈക്കമാൻഡും നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും വാഗ്ദാനം ചെയ്തിട്ടും ചെന്നിത്തല വഴങ്ങിയിട്ടില്ലെന്നാണ് സൂചന. തന്നെ പിന്തുണയ്ക്കുന്നവരെ മന്ത്രിസഭയിൽ അർഹമായ രീതിയിൽ സംരക്ഷിക്കാതെ താൻ വ്യക്തിപരമായി പദവികൾ ഏറ്റെടുക്കാനില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതെ തഴഞ്ഞതിൽ ചെന്നിത്തലയും ഐ ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. മന്ത്രിസഭാ പ്രാതിനിധ്യത്തിന് പുറമെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നേതാവായ ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്ന പുതിയ ഉപാധിയും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്.
വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ചെന്നിത്തല ഹൈക്കമാൻഡിനെ വിളിച്ച് അതൃപ്തി അറിയിക്കുകയും താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതിസന്ധിയിലായ കോൺഗ്രസ് നേതൃത്വം ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
അനുരഞ്ജന ചർച്ചകളുടെ ഭാഗമായി വിഡി സതീശൻ മുൻകൈയെടുത്ത് ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത് എന്നിവരെ ചെന്നിത്തലയുടെ വസതിയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ വിഡി സതീശനും നേരിട്ട് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
തന്റെ മുതിർന്ന നേതാവിനെ കാണാനാണ് എത്തിയതെന്നാണ് സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചതെങ്കിലും ഉപാധികൾ സംബന്ധിച്ച് ഇരുവർക്കുമിടയിൽ വിശദമായ ചർച്ച നടന്നു. ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതായാണ് വിവരം. ഇന്നത്തെ ചർച്ചകൾക്ക് ശേഷം മാത്രമേ പുതിയ യുഡിഎഫ് സർക്കാരിന്റെ കൃത്യമായ രൂപ ചിത്രം വ്യക്തമാകൂ.









0 comments