Deshabhimani

print edition നവകേരളം സങ്കൽപ്പമല്ല യാഥാർഥ്യം: മുഖ്യമന്ത്രി

Pinarayi Vijayan.jpg
വെബ് ഡെസ്ക്

Published on Mar 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നവകേരളം സങ്കൽപ്പമല്ല യാഥാർഥ്യമാകാൻ പോകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെ സ്പർശമേൽക്കാത്ത ഒരു പ്രദേശവും വികസനത്തിന്റെ സ്വാദറിയാത്ത ഒരാളും ഇവിടെ ഉണ്ടാകില്ലെന്നും തിരുവനന്തപുരം മുടവൻമുകൾ പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പണമില്ലെന്നതായിരുന്നു നമ്മുടെ വിഷമം. അതിനാൽ സമാന്തര സാമ്പത്തിക സ്രോതസ്സായി കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. ഇതിനെയും ചിലർ ആക്ഷേപിച്ചു.


സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ, റോഡ്, ഫ്ലൈ ഓവറുകൾ, നാം കാണുന്ന മറ്റ് നിർമിതികൾ എന്നിവ നടപ്പാക്കാനായത് കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ്. കഴിയാവുന്ന രീതിയിൽ പാവങ്ങളെ ചേർത്തുപിടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. മുന്നിൽ കാണുന്ന മാറ്റം നാടിനോട് പ്രതിബദ്ധതയുള്ള ഒരു മുന്നണി അധികാരത്തിലിരുന്നതുകൊണ്ട്‌ ഉണ്ടായതാണ്‌. ഈ നാട്ടിൽ നടക്കില്ല എന്നുകരുതിയ വികസനങ്ങളെല്ലാം എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി. കേന്ദ്രസർക്കാരിനാകട്ടെ സാധാരണക്കാരെക്കുറിച്ചല്ല, കോർപ്പറേറ്റുകളെക്കുറിച്ചാണ് ചിന്ത.


സഹായം നൽകാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ ദുരന്തഘട്ടത്തിലും ഒന്നും തന്നില്ല. അർഹമായത് നിഷേധിച്ചു. കേരളത്തെ നെഞ്ചേറ്റിയ ലോകരാഷ്ട്രങ്ങളിൽ ചിലത് സഹായിക്കാൻ മുന്നോട്ടുവന്നപ്പോൾ കേന്ദ്രം അത് സ്വീകരിക്കാൻ തയ്യാറായില്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അവിടെയുണ്ടായ ദുരന്തത്തെ സഹായിക്കാൻ കേന്ദ്രസർക്കാരിന്റെയും ലോകരാഷ്ട്രങ്ങളുടെയും സഹായം സ്വീകരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ കേരളത്തിന് അത് നിരസിച്ചു. കേരളത്തിന് എന്താണ് അയോഗ്യത. അഭിമാനകരമായ നിലയിലാണ് കേരളത്തിന്റെ സ്ഥാനം.


കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപിയെയും ആർഎസ്എസിനെയും മതനിരപേക്ഷ കേരളം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. അതിന്റെ പകയും വിദ്വേഷവുമാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. ഇവിടെ നാടിനുവേണ്ടി പലതും ചെയ്യുമെന്നുപറഞ്ഞ് മാരീചവേഷം കെട്ടുന്ന കോൺഗ്രസുകാർ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല.10 വർഷവും മുഖംതിരിച്ചുനിന്നു. സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയെപ്പോലും അനുകൂലിച്ചില്ല. എന്നിട്ടും കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ സംസ്ഥാന സർക്കാരിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home