print edition നവജാതശിശുമരണം കൂടുതൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

തിരുവനന്തപുരം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ തുറന്നുകാട്ടി 2023ലെ രജിസ്‌ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട്. രാജ്യത്തെ നവജാത ശിശുമരണ നിരക്ക് സംബന്ധിച്ച് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന മികച്ച ചികിത്സാ സൗകര്യങ്ങളുമായി കേരളം കുതിക്കുകയാണ്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ നവജാതശിശുമരണ നിരക്ക് 5.6 ആയിരിക്കെ കേരളത്തിൽ അഞ്ചാണ്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാണ്. ദേശീയ ശരാശരി 25 ആയിരിക്കെ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നവജാതശിശു മരണനിരക്ക് 37 ആണ്. മേഘാലയയിൽ 34ഉം.
രാജ്യത്തെ മാതൃമരണ നിരക്ക് പരിശോധിച്ചാലും സ്ഥിതി ഇതുതന്നെയാണ്. ഇന്ത്യയിലെ ശരാശരി മാതൃമരണ നിരക്ക് 88 ആയിരിക്കെ കേരളത്തിലിത് 30 ആണ്. ഒഡീഷയിൽ 153ഉം ഛത്തീസ്ഗഢിൽ 146ഉം. മധ്യപ്രദേശിൽ 142 അമ്മമാരും ഉത്തർപ്രദേശിൽ 141 പേരും മരിക്കുന്നു. കേരളത്തിനേക്കാൾ നാലിരട്ടിയിലധികം മരണങ്ങളാണ് ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. ഗ്രാമീണ മേഖലകളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അഭാവവും രൂക്ഷമായ പോഷകാഹാരക്കുറവും മരണനിരക്ക് വർധിപ്പിക്കുന്നു. കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് കുടിയേറുന്നതുകൊണ്ടാണ് സംസ്ഥാനത്ത് നവജാതശിശു മരണനിരക്ക് കുറയുന്നതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരിഹാസ വാദത്തിന്റെ മുനയൊടിക്കുന്നതാണ് കേന്ദ്രത്തിന്റെ റിപ്പോർട്ട്.











0 comments