നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജനുവരി 28നാണ് ചെന്താമര പിടിയിലായത്. 29ന് പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. അതേ സമയം, പ്രതിയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.
ജനുവരി 27ന് രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമി ചെന്താമര വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ചെന്താമര ഇപ്പോൾ ജാമ്യത്തിലാണ്. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.
പോത്തുണ്ടിയിലെത്തി ആക്രമിക്കപ്പെട്ട കുടുംബത്തെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സുധാകരനും മകൾ അഖിലയും പൊലീസിൽ പരാതി നൽകി. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരിൽ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരിൽ പോയ ചെന്താമര ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.










0 comments