print edition നേമത്ത് ബിജെപിക്ക് വളമിട്ടത് കോൺഗ്രസ്

തിരുവനന്തപുരം: നേമത്ത് ബിജെപിക്ക് വീണ്ടും കൈപിടിച്ച് കോൺഗ്രസ്. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം കോൺഗ്രസ് സഹായിച്ചതിനാലെന്ന് വ്യക്‌തമാക്കി കണക്കുകൾ. 57,192 വോട്ടുകൾ നേടിയ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 4,978 ആണ്. എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് 52,214 വോട്ടുണ്ട്.
കോൺഗ്രസിന്റെ കെ എസ് ശബരീനാഥന് 29,730 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 36,524 വോട്ടുണ്ടായിരുന്നു. കുറഞ്ഞ 6,794 വോട്ട് ബിജെപിക്ക് ലഭിച്ചു. 2021ലെ ആകെ വോട്ട് 1,46,017 ആയിരുന്നു. ഇത്തവണ 1,40,355 ആയി കുറഞ്ഞിരുന്നു. ഇതിന് ആനുപാതികമായ ചെറിയ വ്യത്യാസമാണ് ആകെ വോട്ടിൽ എൽഡിഎഫിൽ ഉണ്ടായത്.
2021ൽ 55,837 ആയിരുന്നു എൽഡിഎഫ് വോട്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് 39,101 വോട്ട് നേമം മണ്ഡലത്തിൽ നേടിയിരുന്നു. 2016ൽ കേരളത്തിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയതും കോൺഗ്രസ് ആയിരുന്നു. അന്ന് 67,813 വോട്ട് ബിജെപി നേടിയപ്പോൾ 13,860 വോട്ടുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫ് 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയതിനേക്കാൾ കൂടുതൽ വോട്ട് നിയമസഭയിൽ നേടി.
പ്രചാരണത്തിന്റെ തുടക്കം മുതൽ കോൺഗ്രസ് മണ്ഡലത്തിൽ നിർജീവമായിരുന്നു. തണുപ്പൻ പ്രതികരണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരിൽനിന്ന് വിമർശം ഉയർന്നു.
കോൺഗ്രസും ബിജെപിയും നുണപ്രചാരണങ്ങളും വർഗീയതയും ആയുധമാക്കി. കോടികളാണ് രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ ഒഴുക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തിനെതിരെ വി ശിവൻകുട്ടി പലവട്ടം രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് കമീഷനടക്കം പരാതി നൽകുകയും ചെയ്‌തു.











0 comments